
പനാജി: ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രചരിപ്പിക്കുകയായിരുന്നു. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇവ മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു. മാത്രമല്ല, ഈ സംഭവത്തിന് ശേഷം മാതാപിതാക്കള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും നിര്‍ദേശം നല്‍കി.
സംഭവത്തില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസിനിടെയും അല്ലാതെയും കുട്ടികള്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കൊല്‍ക്കത്തയിലെ ഒരു സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ചിത്രങ്ങളും കമന്റുകളും പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു.
Post Your Comments