Latest NewsMollywood

പിറ്റേ ദിവസം അടക്കത്തിന് അവളെ പെട്ടിയില്‍ കൊണ്ട് വന്ന് വച്ചപ്പോള്‍ ആ ഷര്‍ട്ട് ഊരി ഞാനവളുടെ മുഖമടക്കി മൂടി; കണ്ണുകള്‍ നിറഞ്ഞു സുരേഷ് ഗോപി

കോടീശ്വരന്‍ പരിപാടിയില്‍ ഹോട്ട് സീറ്റിലിരിയ്ക്കുന്ന മത്സരാര്‍ത്ഥിയ്ക്ക് ഇന്ദ്രന്‍സിന്റെ ഛായ തോന്നിയപ്പോള്‍ ഇന്ദ്രന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പങ്കുവച്ചത്.

മലയാളത്തിന്റെ ആക്ഷന്‍കിംഗ്‌ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ച്‌ പലരും രംഗത്തെത്തിയിരുന്നു. നടന്‍ ഇന്ദ്രന്‍സും താനുമായുള്ള ആത്മബന്ധത്തെ കുറിച്ച്‌ സുരേഷ് ഗോപി തന്നെ പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കോടീശ്വരന്‍ പരിപാടിയില്‍ ഹോട്ട് സീറ്റിലിരിയ്ക്കുന്ന മത്സരാര്‍ത്ഥിയ്ക്ക് ഇന്ദ്രന്‍സിന്റെ ഛായ തോന്നിയപ്പോള്‍ ഇന്ദ്രന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പങ്കുവച്ചത്.

‘ഇന്ദ്രന്‍സ് പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരകനായിരുന്നു. എന്റെ ഒരുപാട് സിനിമകളില്‍ അദ്ദേഹം വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരു വലിയ, തുന്നിപിടിപ്പിച്ച ബന്ധമുണ്ട് ഇന്ദ്രന്‍സിന്. സുരേഷ് ഉണ്ണിത്താന്‍ സര്‍ സംവിധാനം ചെയ്ത ഉത്സവമേളം എന്ന സിനിമയില്‍ ഞാന്‍ ധരിച്ചിരിയ്ക്കുന്ന ഷര്‍ട്ടുകളെല്ലാം ഇന്ദ്രന്‍സ് തുന്നി തന്നതാണ്. ആ സിനിമയില്‍ ഒരു രംഗത്ത് ഞാനിടുന്ന മഞ്ഞ ഷര്‍ട്ടുണ്ട്. മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള ഒരു ഷര്‍ട്ട്. മഞ്ഞ നിറത്തോടുള്ള എനിക്കുള്ള ഭ്രമം കാരണം അന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ എന്നെ വിളിച്ചിരുന്നത് മഞ്ഞന്‍ എന്നായിരുന്നു.

ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്ബോള്‍, ഈ ഷര്‍ട്ട് കൊണ്ടു വന്നപ്പോള്‍ ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞു ഈ ഷര്‍ട്ട് എനിക്ക് കൊണ്ടു പോകാന്‍ തരണേ എന്ന്. ഷൂട്ടിങ് കഴിഞ്ഞ് പോവുമ്ബോള്‍ ആ ഷര്‍ട്ട് പൊതിഞ്ഞ് ഇന്ദ്രന്‍സ് എനിക്ക് കൊണ്ടു തന്നു. ആ ഷര്‍ട്ട് ഞാന്‍ ഇടയ്ക്കിടെ ധരിക്കുമായിരുന്നു. 1992 ജൂണ്‍ 6 ന് എന്റെ മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച്‌ എറണാകുളത്ത് വന്ന്, തിരിച്ച്‌ പോകുന്ന വഴിക്കാണ് മകളുടെ അപകടം അറിയുന്നത്. പിന്നെ അവളില്ല. അന്ന് ഞാനിട്ടിരുന്നത് ഈ ഷര്‍ട്ടാണ്. നേരെ ആശുപത്രിയില്‍ പോയി. അവിടെയുള്ള കാര്യങ്ങളൊക്കെ നോക്കി. പിറ്റേ ദിവസം അടക്കത്തിന് അവളെ പെട്ടിയില്‍ കൊണ്ട് വന്ന് വച്ചപ്പോള്‍ ആ ഷര്‍ട്ട് ഊരി ഞാനവളുടെ മുഖമടക്കി മൂടി. എന്റെ വിയര്‍പ്പ് എപ്പോഴും അത്രമേല്‍ ഇഷ്ടപ്പെടുന്ന മകളാണ് ലക്ഷ്മി. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്’ കണ്ണുകള്‍ നിറഞ്ഞു കൊണ്ട് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button