KeralaMollywoodLatest NewsArticleNewsEntertainmentWriters' Corner

വൻമരങ്ങൾക്കിടയിലെ ഒറ്റക്കൊമ്പൻ: ജനപ്രിയ ചിത്രങ്ങളെ ചടുലമാക്കിയ സുരേഷ് ഗോപി കഥാപാത്രങ്ങൾ

ക്ഷോഭിക്കുന്ന ആണത്ത കഥാപാത്രങ്ങളിലൂടെ സുരേഷ് ഗോപി പകർന്നു നൽകിയ ഊർജ്ജം വളരെ വലുതാണ്.

”എടോ വിവരമുള്ളവർ എഴുതി വെച്ചിട്ടുണ്ട്. എ സെയിൻ്റ് കാൻ ബിഎ റാസ് കൽ ,ബട്ട് എ റാസ് കൽ കാൻ നെവർ ബി എ സെയ്ൻ്റ്.. സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടി ക്കൊരിക്കലും സന്യാസി ആകാൻ കഴിയില്ലെന്ന് .സെക്രട്ടേറിയറ്റിനു മുമ്പിലും കണ്ണി മേരാ മാർക്കറ്റിലും ഒന്നരയണയ്ക്കു കഞ്ചാവു വിറ്റു നടന്ന ഒരു ചരിത്രമില്ലേ തനിക്ക് .അത് തെളിയിച്ചിട്ടേ ഈ മാധവൻ മടങ്ങു:” മാധവൻ/ഏകലവ്യൻ

”കാക്കിയിട്ടവന്റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കുകീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്റെ മുന്നിൽ വച്ച് ഈ പൊലയാടി മോന്റെ രോമത്തെ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന….” ഭരത് ചന്ദ്രൻ/കമ്മീഷണർ

”ഹും… നായ. എടോ, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല. ഓർത്തോ, I am Bharath Chandran. Just remember that.,” ഭരത് ചന്ദ്രൻ/കമ്മീഷ്ണർ

read also: വിഷം ചേർത്ത മത്സ്യം സുലഭം, നടപടികൾ ഇല്ല: തൃശ്ശൂരിൽ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് മീനില്‍ നിന്നെന്ന് നിഗമനം

”ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയില്‍ എത്രപേരുടെ വിയര്‍പ്പിറ്റു. എത്രതുള്ളി രേതസ്സുറ്റു എന്നതിന്റെ കണക്കെടുക്കുന്ന stinking, sickening, repulsive investigative റിപ്പോര്‍ട്ടുകള്‍കൊണ്ട് സര്‍ക്കുലേഷന്‍ ഭൂം ഉണ്ടാക്കുന്ന പത്രധര്‍മ്മത്തിന്റെ പടുന്യായങ്ങള്‍ എനിക്ക് മനസിലാവില്ല. For they are too tough for my convictions to grasp.. for they are too difficult for my conscience to digest ” നന്ദ ഗോപാൽ/ പത്രം

ഓർമ്മയുണ്ടോ ഒരിക്കൽ ഞാൻ ‘ പറഞ്ഞത് ‘ദ ഡി ഡേ. യേസ് ദ ഡി ഡേ ഹാസ് കം. ഈ രാജ്യത്തിനു വേണ്ടി തുടിക്കുന്ന ഹൃദയമുള്ള ഒരു എക്സ്ട്രാ ഹാർട്ട് ബീറ്റ് കൂടുതലുള്ള മുഹമ്മദ് സർക്കാർ ‘നിനക്കും ദാ ഇവനും വിധിക്കുന്ന ‘ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൻ്റെ ഫൈനൽ ജഡ്ജ്മെൻറ്.”.. മുഹമ്മദ് സർക്കാർ/ എഫ് ഐ .ആർ.

ഒരു സൂപ്പർതാര നിർമ്മിതി സാധ്യമാകുന്നത് എങ്ങനെ എന്ന് അന്വേഷിച്ചാൽ അയാൾ ചെയ്യുന്ന കഥാപാത്രങ്ങൾ ,കമ്പോള വിജയങ്ങൾ ,താരത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ ,ചലച്ചിത്രമേഖലയ്ക്കു പുറത്ത് താരം നടത്തുന്ന ഇടപെടലുകൾ’, മാധ്യമ സ്വീകാര്യതകൾ, വിപണി മൂല്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

എൺപതുകളിൽ ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന സുരേഷ് ഗോപി തൊണ്ണൂറുകളിൽ സൂപ്പർ താരപദവിയിലെത്തി. തിരമലയളത്തിലെ സൂപ്പർ താര നിര മമ്മൂട്ടി മോഹൻലാൽ എന്ന താര ദ്വന്ദ്വത്തിലൊതുങ്ങി നിന്ന കാലയളവിലാണ് സുരേഷ്.ഗോപി സൂപ്പർ താരമായി ഉയർന്നു വരുന്നത്. ഷാജി കൈലാസ് രൺജി പണിക്കർ ടീമിൻ്റെ ഏകലവ്യനിലൂടെ സൂപ്പർ താരമായ ഇദ്ദേഹത്തിൻ്റെ കരിയറിൽ നിരവധി തവണ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ബാലതാരമായി എത്തിയ ഓടയിൽ നിന്നു മുതൽ വരനെ ആവശ്യമുണ്ട് [2020] വരെയുള്ള ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന അഭിനയ ശൈലിയിലൂടെ പ്രേക്ഷപ്രീതി നിലനിർത്താൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങൾ

മാധവൻ ഐ പി.എസ്/ഏകലവ്യൻ ,ഭരത് ചന്ദ്രൻ /കമ്മീഷ്ണർ ,ആനക്കാട്ടിൽ ചാക്കോച്ചി/ലേലം , ആർ ഡി നയനാർ / ജനാധിപത്യം ,ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ.. സൂരേഷ് ഗോപിയുടെ പോലീസ് കഥാപാത്രങ്ങൾ’ ഉള്ള ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ഹിറ്റായത് എന്ന പൊതുബോധം നിലനിൽക്കുന്നുവെങ്കിലും പോലീസിതര കഥാപാത്രങ്ങളുള്ള ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിട്ടുണ്ട്

കരിയറിൻ്റെ ഒന്നാം ഘട്ടത്തിൽ സഹകഥാപാത്രങ്ങളായും പ്രതിനായകനായും സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂവിന് പുതിയ പൂന്തെന്നൽ (1986), അടിവേര് , വഴിയോരക്കാഴ്ച ,ഇരുപതാം നൂറ്റാണ്ട്, ‘ വിറ്റ്നസ്, കാലാൾപ്പട ,നാടോടി ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ഉദാഹരണം .ഇങ്ങേയറ്റം ശങ്കറിൻ്റെ ചിത്രമായ ഐ യിൽ’ കിടിലൻ വില്ലൻ കഥാപാത്രമായി സുരേഷ് ഗോപി ‘പ്രത്യക്ഷപ്പെട്ടു

വെള്ളിത്തിരയിൽ തീ പടർത്തിയ കഥാപാത്രങ്ങൾ

മാഡം, ഓർമ്മയുണ്ടോ ഈ മുഖം? ജീവിതത്തിൽ ഒരുപാടു മുഖങ്ങളിങ്ങനെ കേറിയിറങ്ങി പോയതല്ലേ. ചിലപ്പോൾ മറന്നുകാണും. പത്തുപന്ത്രണ്ടു കൊല്ലം മുൻപുള്ള കഥയാ. അന്നു ഞാൻ കണ്ണൂർ എ.എസ്.പി., ഓൺ പ്രൊബേഷൻ. ടൗണിലെ കുബേരന്മാരുടെ നിശാക്ലബ്ബിൽ ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് കുടിച്ചു ബോധംകെട്ടവന്മാരുടെ നടുക്കു നിന്ന് record dance ചെയ്ത നിങ്ങളെ, ഞാൻ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു. രാത്രി മുഴുവൻ നിങ്ങൾ ലോക്കപ്പിലിരുന്നു കരഞ്ഞു. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ പിഴയടയ്ക്കാൻ പണമില്ലാതിരുന്ന നിങ്ങൾക്കു വേണ്ടി, ഞാൻ എന്റെ പേഴ്സിൽ നിന്നു പണമെടുത്തടച്ചു. എന്നിട്ട് വണ്ടിക്കൂലിക്കും വഴിച്ചെലവിനും ആഹാരത്തിനും കൈയീന്ന് കാശു തന്ന് ഒരു കോൺസ്റ്റബിളിനെ കൂട്ടി നിങ്ങളെ വീട്ടിൽ കൊണ്ടെത്തിച്ചു. സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് അന്ന് കണ്ണുനിറഞ്ഞു പറഞ്ഞതോർമ്മയുണ്ടോ, മാഡം അച്ചാമ്മ വർഗ്ഗീസിന്? പത്രക്കാർക്ക് കൊടുക്കാതെ ഇപ്പോഴും എന്റെ പേഴ്സണൽ ഫയലിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്, അന്നത്തെ പഴയ അക്കാമ്മ ചാക്കോയുടെ ഫോട്ടോയും സ്റ്റേറ്റ്മെന്റ്സും. എന്താ അതു കാണണോ, ഈ മുഖം ഓർമ്മ വരാൻ? ഒരല്പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം സാർ. I’m sorry. But, ഒരപേക്ഷയുണ്ട്. സൽക്കാരവും പാർട്ടിയും സ്വാപ്പിംഗും ഡിന്നറും ബഹളവുമൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലും സാറിനും മാത്രമായി ഇവരെ ഒറ്റയ്ക്ക് കിട്ടുമെങ്കിൽ ഒന്നറിയിച്ചു കൊടുക്കണം. കഴിയുമെങ്കിൽ ഒന്നു മനസ്സിലാക്കി കൊടുക്കണം, ആണെന്ന വാക്കിന്റെ അർത്ഥമെന്താണെന്ന്.” ( ഭരത് ചന്ദ്രൻ /കമ്മീഷ്ണർ).

ക്ഷോഭിക്കുന്ന ആണത്ത കഥാപാത്രങ്ങളിലൂടെ സുരേഷ് ഗോപി പകർന്നു നൽകിയ ഊർജ്ജം വളരെ വലുതാണ്. ഇന്ത്യൻ സിനിമയിൽ തന്നെ സമാനതകളില്ലാത്ത വിധം പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതും ഇദ്ദേഹമാണ്.

മലയാളത്തിലെ ‘ ഐകോണിക് ‘കഥാപാത്രങ്ങൾ

ജോസ് നരിമാൻ [ ധ്രുവം / 1993] മുതൽ ഭരത് ചന്ദ്രൻ ഐ പി സ്[ കിംഗ് ആൻഡ് കമ്മീഷ്ണർ / 2012 ] വരെ നീളുന്ന ഇരുപതിലധികം പോലീസ് കഥാപാത്രങ്ങൾ. പോലീസ് സങ്കൽപ്പനങ്ങൾക്ക് പുതിയൊരുമാനം നൽകിയ ഭരത് ചന്ദ്രൻ അടക്കമുള്ള കഥാപാത്രങ്ങൾ തീർത്ത തരംഗം അത്ര വലുതായിരുന്നു എന്ന തിൻ്റെ തെളിവാണ് മൂന്നു വട്ടം ഭരത്ചന്ദ്രൻ ( ഭരത് ചന്ദ്രൻ ഐ പി എസ് ,കിംഗ് ആൻഡ് കമ്മീഷ്ണർ ) അവതരിപ്പിക്കപ്പെട്ടത് .നട്ടെല്ലുള്ള ആൺ പോലീസ് കഥാപാത്രമായ ഭരത് ചന്ദ്രൻ്റെ അനവധി മാതൃകകൾ ജനപ്രിയ സിനിമ വ്യത്യസ്ത തലങ്ങളിൽ ആവിഷ്ക്കരിച്ചുവെന്നു മാത്രമല്ല അവയിൽ പലതും സുരേഷ് ഗോപി തന്നെ കെട്ടിയാടേണ്ടി വരികയും ചെയ്തു. നരിമാൻ ( ധ്രുവം) മാധവൻ ( ഏകലവ്യൻ ) രവി പ്രസാദ് (ദ സിറ്റി) മഹേഷ് അരവിന്ദ് (ഹൈവേ ) ആർഡി നായനാർ (ജനാധിപത്യം ) ഈശോ പണിക്കർ (ക്രൈo ) മുഹമ്മദ് സർക്കാർ (എഫ്.ഐ.ആർ) ചന്ദ്രചൂഢൻ (സത്യമേവ ജയതേ ) അശോക് നരിമാൻ (നരിമാൻ), ഷറഫുദീൻ താരാമസി (നാദിയ കൊല്ലപ്പെട്ട രാത്രി ), ടൈഗർ ചന്ദ്രശേഖർ (ടൈഗർ) ഋഷികേശ് (ആയുധം) ആൻറണി പുന്നക്കാടൻ ( ട്വൻറി ട്വൻ്റി), സഹസ്രനാമം ( സഹസ്രം) ,ദുർഗാപ്രസാദ് (ഐ.ജി.) ജോസഫ് വടക്കൻ(ക്രിസ്ത്യൻ ബ്രദേഴ്സ് ) ഉൾപ്പെടെ ഉള്ളവ ഉദാഹരണം.

”കമ്മീഷണിലെ ഭരത് ചന്ദ്രനെ രൂപപ്പെടുത്താൻ പല പോലീസുകാരും എന്നെ സഹായിച്ചിട്ടുണ്ട് .അതിലൊരാൾ ആലപ്പുഴയിലെ എസ്.പി ആയിരുന്നു .ഒരു ദിവസം അയാൾ ഒരു നൊട്ടോറിയസ് ക്രിമിനലിനെ പിടിച്ച് അകത്തിട്ടു .അന്ന് ആലപ്പുഴയിലുള്ള ഒരു മന്ത്രി എസ്പിയെ വിളിച്ച് അയാളെ ഇറക്കി വിടാൻ ആവശ്യപ്പെട്ടു. ഇറക്കിവിടാം പക്ഷേ നിങ്ങൾ വന്ന് ലോക്കപ്പിൽ കിടക്കണം എന്നായിരുന്നു എസ് പിയുടെ മറുപടി. അത്തരം നട്ടെല്ലുള്ള പോലീസുകാരാണ്.ഭരത് ചന്ദ്രൻ എന്ന ക്യാരക്ടറിൻ്റെ ബേസ്” എന്ന് രൺജി പണിക്കർ സാക്ഷ്യപ്പെടുത്തുന്നു( മലയാളി മറക്കാത്ത ‘ സിനിമാ ‘ഡയലോഗുകൾ./ബിപിൻ’ചന്ദ്രൻ)

മലയാള സിനിമയിൽ ഇത്ര ശേലുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരു നടനില്ല. കാക്കിയിട്ടാൽ ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ ഇത്ര ഭംഗിയാണ് എന്ന് ജയറാം അഭിപ്രായപ്പെട്ടതും ഇവിടെ സ്മരണീയമാണ്.

കോമഡി വഴങ്ങില്ലെന്ന പൊതുബോധത്തെ അട്ടിമറിച്ച നടൻ

കരിയറിൻ്റെ ആദ്യ ഘട്ടത്തിൽ മിന്നൽ പ്രതാപനെപ്പോലെയുള്ള ഒരു കോമഡി ക്യാരക്റ്റർ ചെയ്തു വെങ്കിലും താരപദവിയിലെത്തുന്നതോടു കൂടി അത്തരം വേഷങ്ങൾ അന്യമായി മാറി. തീ പാറുന്ന സംഘട്ടനങ്ങളും ആവേശം കൊള്ളിക്കുന്ന ഡയലോഗുകളുമായി നിറഞ്ഞാടിയ സുരേഷ് ഗോപി കോമഡി ക്യാരക്റ്ററിലേക്ക് തിരിച്ചു വരുന്നത് റാഫി മെക്കാർട്ടിൻ്റെ തെങ്കാശിപ്പട്ടണം എന്ന ഇൻഡസ്ട്രിയൽ ഹിറ്റിലൂടെയാണ് .കണ്ണൻ്റേയും ദാസൻ്റേയും സൗഹൃദത്തിൻ്റെ കഥ പറഞ്ഞ തെങ്കാശിപ്പട്ടണം യഥാർത്ഥത്തിൽ സുരേഷ് ഗോപിയുടെ താരമൂല്യത്തെ കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു .തുടർന്ന് സുന്ദര പുരുഷൻ ,കിച്ചാമണി എം ബി.എ ഉൾപ്പെടെയുള്ളവയിലും ഹാസ്യരസ പ്രധാനമായ കഥാപാത്രങ്ങളെയവതരിപ്പിച്ചു . ഇടക്കാലത്ത് ദീപൻ സംവിധാനം ചെയ്ത ഡോൾഫിൻ ബാറിലൂടെ തിരന്തോരം ഭാഷയുമായി പനയമുട്ടം സുരയെന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.ഇങ്ങേയറ്റം അനൂപ് സത്യൻ്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിൻ്റെ പശ്ചാത്തലവും ഹ്യൂമറിൽ അധിഷ്ഠിതമായിരുന്നു .പൊതുമണ്ഡലത്തിൽ സുരേഷ് ഗോപിയെന്ന താരത്തെ കേന്ദ്രീകരിച്ചു സൃഷ്ടിക്കപ്പെട്ട ഹാസ്യ കഥകളെ/ ട്രോളുകളെ സമർത്ഥമായ വിധത്തിൽ. വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഉപയോഗപ്പെടുത്തുക കൂടി ചെയ്തിരുന്നു

മലയാളി കാതോർക്കുന്ന ശബ്ദമായി

ആദ്യകാലത്ത് മൂക്കു കൊണ്ട് സംസാരിക്കുന്നവൻ എന്ന ആരോപണവും പരിഹാസവും നേരിടേണ്ടി വന്ന താരമാണ് സുരേഷ് ഗോപിയെങ്കിൽ പിന്നീടു സംഭവിച്ചത് ചരിത്രമാണ്. മലയാളിയെ ത്രസിപ്പിച്ച ,തിയറ്റർ ഇരുളിൽ കോരിത്തരിപ്പിച്ച അതിഗംഭീര ശബ്ദമുള്ള താരമായി സുരേഷ് ഗോപി മാറി.രഞ്ജി പണിക്കർ എഴുതിത്തകർത്ത തീപ്പൊരി കിടിലൻ ഡയലോഗുകളെ ചടുലമായി അസാമാന്യ ശബ്ദമികവോടെ അവതരിപ്പിക്കുക വഴി സുരേഷ് ഗോപി ഡയലോഗുകൾ ജനമനസിൽ സ്ഥിര പ്രതിഷ്ഠ നേടി.”ഫ്ഫാ പുല്ലേ ,ഓർമ്മയുണ്ടോ ഈ മുഖം ,ജസ്റ്റ് റിമംബർ ദാറ്റ് ,സ്മരണ വേണം സ്മരണ” ഉൾപ്പെടെ അനവധി ഡയലോഗുകൾ തലമുറകൾ കടന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു .

തൊണ്ണൂറുകളുടെ രണ്ടാം പാദത്തിൽ സുരേഷ് ഗോപി സിനിമകളുടെ ഓഡിയോ കാസെറ്റുകൾ’ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടു.സമാന്തരമായി വ്യാജൻമാരുടെ കാസെറ്റുകളും വിപണി കീഴടക്കി.കമ്മീഷ്ണർ, ജനാധിപത്യം, ക്രൈം ഫയൽ ,എഫ് ഐ ആർ.’ പത്രം ,സത്യമേവ ജയതേ അടക്കമുള്ള സിനിമകളുടെ ഓഡിയോ കാസെറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നിരുന്നു. ചരിത്രത്തത്തിൻ്റെ ‘= കളികളിലൊന്നായി ഇതിനെ കാണാൻ കഴിയുന്നതാണ് .ശബ്ദത്തിൻ്റെ പേരിൽ പരിഹസിക്കപ്പെട്ടയാൾ, അതേ ശബ്ദംകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നതായി മാറുക

കളിയാട്ടത്തിലൂടെ ദേശീയ പുരസ്കാരം നേടിയ ശേഷം സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയിൽ ‘ഒരു മിതത്വം കടന്നു വരുന്നുണ്ട്. പത്രം ,എഫ് ഐ ആർ എന്നീ ചിത്രങ്ങളിലെ ഡയലോഗ് ഡെലിവറിയിൽ അതു പ്രകടമാണ്. എന്നാൽ 2005 ലെ ഭരത് ചന്ദ്രൻ ‘ഐ.പിഎസിലെത്തുമ്പോൾ അത്തരമൊരു മിതത്വം പുറന്തള്ളപ്പെടുകയും ഫുൾ എനർജിയിൽ ഡയലോഗുകൾ ചീറി വീഴുകയും ചെയ്യുന്നുണ്ട്.. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളായി ഇത്രയധികം തെറി പറഞ്ഞ മറ്റൊരു നായക നടനും ഒരു പക്ഷേ ഉണ്ടാകണമെന്നില്ല (ആണത്ത അഹന്തയുടെ ഭാഗമായ ‘തന്ത’യ്ക്ക് പറയുന്ന ഡയലോഗുകൾ ഇന്നും ടെലിവിഷൻ പ്രേക്ഷകർ പോലും ആസ്വദിക്കുന്നു)

മലയാളി സമൂഹവും പ്രതിനിധാനവും

ആക്ഷൻ ഹീറോ പരിവേഷത്തോടെ അടയാളപ്പെടുത്തപ്പെടുമ്പോൾ തന്നെ കലാമികവുള്ള ചലച്ചിത്രങ്ങളുടെ ഭാഗമായി മാറുവാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു .ഇന്നലെ ,കളിയാട്ടം ,ഗുരു, മകൾക്ക്, അപ്പോത്തിക്കിരി ഉൾപ്പെടെയുള്ള ചിത്രങ്ങൾ’ ഉദാഹരണം ,സ്വന്തം ജീവനായി ചേർത്തുവെച്ച പെണ്ണ് സ്മൃതിനാശം വന്ന് മറ്റൊരാളുടേതാകുമ്പോൾ വിങ്ങലോടെ പിൻ വാങ്ങുന്ന നരേന്ദ്രൻ ,സങ്കീർണ്ണമായ മാനസികാവസ്ഥകളിലൂടെ സഞ്ചരിക്കേണ്ടി വന്ന കണ്ണൻ പെരുമലയൻ ,അന്ധൻമാരുടെ താഴ്വരയിലെ രാജാവ് , മരുന്നു കമ്പനികളുടെ ‘കോർപ്പറേറ്റ് അജണ്ടകൾക്കെതിരെ ‘നിലകൊള്ളുന്ന ഡോക്ടർ വിജയ് നമ്പ്യാർ ഉൾപ്പെടെയുള്ളവ സുരേഷ് ഗോപിയുടെ പ്രതിഭയെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളാണ്.

മണിച്ചിത്രത്താഴിലെ നകുലൻ ,സിന്ദൂരരേഖയിലെ ‘ബാലചന്ദ്രൻ ‘ അനുഭൂതിയിലെ ശിവൻകുട്ടി’, സമ്മർ ഇൻ ബെത് ലഹേമിലെ ഡെന്നിസ് ,പ്രണയവർണ്ണങ്ങളിലെ ‘ വിനയചന്ദ്രൻ’, കവർ സ്റ്റോറി യിലെ വിജയ് , ഡ്രീംസിലെ ‘ഡോക്ടർ റോയ് ‘ തുടങ്ങി അനവധി കഥാപാത്രങ്ങൾ മലയാളി ആണത്തങ്ങളുടെ വ്യത്യസ്ത തലങ്ങളെ പ്രതിനിധാനം ചെയ്തു. തോക്കേന്താൻ മാത്രമല്ല. ഭാവ സുന്ദരമായി പ്രണയിക്കാനും സുഹൃത്തുക്കൾക്കു വേണ്ടി ജീവിക്കാനും ,കുടുംബത്തിനായി നില കൊള്ളുവാനും കഴിയുന്ന നിരവധി കഥാപാത്രങ്ങൾക്ക് സുരേഷ് ഗോപി ഉടലും ഉയിരുമേകി.

വൻമരങ്ങൾക്കിടയിലെ ഒറ്റക്കൊമ്പൻ

സുരേഷ് ഗോപിയെന്ന താരത്തെ ചലച്ചിത്ര ലോകം സൂപ്പർ താരമായി അടയാളപ്പെടുത്തുന്നുണ്ട്. എണ്ണം പറയാവുന്ന അനവധി ഇൻഡസ്ട്രിയൽ ഹിറ്റുകൾ സ്വന്തം ക്രെഡിറ്റിൽ ഉള്ളതിനാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്തരമൊരു വിശേഷണം സ്വാഭാവികമായി ചേർന്നു നിൽക്കുകയും ചെയ്യുന്നു. അതിനായി സുരേഷ് ഗോപിയെന്ന താരം ഏറെ സ്ട്രഗിൾ ചെയ്യേണ്ടി വന്നുവെന്ന് ചലച്ചിത്ര ചരിത്രത്തിൽ നിന്നു വ്യക്തമാണ്. മമ്മൂട്ടി – മോഹൻ ലാൽ എന്നീ സൂപ്പർതാര ദ്വന്ദ്വങ്ങളുടെ വളർച്ചയ്ക്കിടയിൽ, ഇൻഡ്സ്ഡ്രി അവർക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്ന കാലയളവിലാണ് സ്വതന്ത്രമായി ഒരിടവും സൂപ്പർ താരപദവിയും സുരേഷ് ഗോപി സ്വന്തമാക്കിയെടുത്തത്. രണ്ടു വൻമരങ്ങളുടെ അസാമാന്യ വളർച്ചയ്ക്കിടയിൽ ഇൻഡസ്ട്രിയിലെ മറ്റു താരങ്ങൾ അരികൊതുക്കപ്പെട്ടപ്പോൾ ഒറ്റക്കൊമ്പനായി നിവർന്നു നിന്ന താരം കൂടിയായിരുന്നു സുരേഷ് ഗോപി.

ലോകാത്ഭുതം പോലെയൊരു ചിത്രമായി മലയാളം ഫിലിം ഇൻഡസ്ട്രി ട്വൻറി ട്വൻറി സിനിമ അവതരിപ്പിച്ചപ്പോൾ നിർണ്ണായക റോളിൽ സുരേഷ് ഗോപിയുണ്ടായിരുന്നു .ചിത്രത്തിൽ സൂപ്പർ താരങ്ങളുടെ ഇൻട്രോയിൽ ആദ്യത്തേത് സുരേഷ് ഗോപിയുടെ ആൻ്റണി പുന്നക്കാടൻ്റേതായിരുന്നു. കാക്കി ഷർട്ടും കൈലിമുണ്ടു മടുത്ത് സംഘട്ടന രംഗത്തേക്ക് ചാടിയിറങ്ങുന്ന ആൻറണിക്കു ലഭിച്ച കയ്യടി സുരേഷ് ഗോപിയെന്ന സൂപ്പർ താരത്തിൻ്റെ താരമൂല്യത്തിൻ്റെ അംഗീകാരം കൂടിയായിരുന്നു. അഡ്വക്കറ്റ് രമേശ് നമ്പ്യാരും’ ദേവരാജ പ്രതാപ വർമ്മയും തമ്മിൽ ചീറി വീഴുന്ന കളികളിൽ ആൻറണി പുന്നക്കാടനും ഒപ്പം തന്നെയുണ്ടായിരുന്നു. ..

സ്വതന്ത്രമായ അഭിപ്രായങ്ങളോടെ തൻ്റെ നിലപാടുകൾ അറിയിച്ച് സാധാരണ മനുഷ്യനായി നിൽക്കുവാനും സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു. താരത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ഭൂമിക ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. കരിയറിൽ പലതരത്തിലുള്ള കയറ്റിറക്കങ്ങളുണ്ടായപ്പോഴും അതിനെയൊക്കെ സമചിത്തതയോടെ നേരിട്ടു കൊണ്ട് ഓരോ തിരിച്ചു വരവിലും തന്നെയങ്ങനെ എഴുതിത്തള്ളാൻ കഴിയില്ലെന്ന് സധൈര്യം പ്രഖ്യാപിച്ചു. വരനെ ആവശ്യമുണ്ട് എന്നതിനു ശേഷം മലയാളിക്ൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, വെള്ളിത്തിരയിൽ തീ പടർത്തുന്ന ‘ഒരുപിടി ചിത്രങ്ങൾ അണിയറയിലൊരുങ്ങുന്നുണ്ട്… കാവൽ [സംവിധാനം നിഥിൻ രഞ്ജി പണിക്കർ ] പോലെയൊരു സിനിമയുടെ ടീസർ പഴയ സിംഹത്തിൻ്റെ തിരിച്ചുവരവിനെ ഓർമ്മപ്പെടുത്തുന്നു ” ചാരമാണെന്നു കരുതി ചികയാൻ നിക്കണ്ട കനലു കെട്ടിട്ടില്ലെങ്കിൽ ‘ പൊള്ളും …….. പൊള്ളും”

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button