ന്യൂഡഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ കുറിച്ച് പ്രധാനമന്ത്രി സത്യം പറയാൻ ഭയക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ ഗാന്ധി ഈ കാര്യം പറഞ്ഞത് .
ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ രാജ്യം മുഴുവൻ സൈന്യത്തിനും സർക്കാറിനുമൊപ്പമാണ്. എന്നാൽ ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്തിയിട്ടില്ലെന്നും ആരും ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഇല്ലെന്നുമാണ് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, ഉപഗ്രഹ ദൃശ്യങ്ങളും മുൻ സൈനികരുമൊക്കെ പറയുന്നത് ചൈന മൂന്നിടങ്ങളിൽ നമ്മുടെ ഭൂമിയിൽ അതിക്രമിച്ച് കടന്നിരിക്കുന്നു എന്നാണ്. പ്രധാനമന്ത്രി ഭയക്കാതെ രാജ്യത്തോട് സത്യം പറയേണ്ട സമയമാണിത്’ – രാഹുൽ പറഞ്ഞു
പ്രധാനമന്ത്രി പറയുന്നത് സത്യമല്ലെങ്കിൽഅതിന്റെ പ്രയോജനം ലഭിക്കുക ചൈനക്കാണ്. അവർ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ, അവർക്കെതിരായി നമുക് ഒരുമിച്ച് പൊരുതാം. ചൈന നമ്മുടെ ഭൂമിയിൽ കടന്നുകയറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുകയാണെങ്കിൽ അവർക്കെതിരായ നടപടിക്ക് രാജ്യം മുഴുവൻ താങ്കളുടെ കൂടെ നിൽക്കുമെന്നും ആരാണ് നമ്മുടെ സൈനികരെ നിരായുധരായി അയച്ചതെന്നും എന്തിനുവേണ്ടിയായിരുന്നു അതെന്നുമുള്ള ചോദ്യം അവശേഷിക്കുകയാണെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ചൈനയുമായുള്ള സംഘർഷത്തിൽ ഗാൽവാനിൽ 20 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ച് സോണിയാഗാന്ധിയും കഴിഞ്ഞ ദിവസം വിഡിയോ സന്ദേശവുമായി എത്തിയിരുന്നു.
Post Your Comments