തിരുവനന്തപുരം • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പുന:ക്രമീകരണ നടപടി ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകൾക്കായി 29,210 ഉം മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾക്കായി 5,213 ഉം പോളിംഗ് സ്റ്റേഷനുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നിലവിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് അവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ തരം, വിസ്തീർണ്ണം, സ്ഥല സൗകര്യം, വോട്ടർമാർക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിശോധിക്കും. കുടിവെള്ളം, വൈദ്യുതി, ഫർണിച്ചർ, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പരിശോധനാ റിപ്പോർട്ട് ജൂൺ 29 ന് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കും. പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയോ നിലവിലെ പോളിംഗ് സ്റ്റേഷനുകൾ മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കണം പോളിംഗ് സ്റ്റേഷനുകളിൽ മാറ്റം വരുത്തേണ്ടത്.
പഞ്ചായത്തിന്റെ പോളിംഗ് സ്റ്റേഷനുകളിൽ പരാമാവധി 1200 വോട്ടർമാരെയും മുനിസിപ്പാലിറ്റി പോളിംഗ് സ്റ്റേഷനുകളിൽ 1500 വോട്ടർമാരെയും ഉൾപ്പെടുത്തിയാണ് പുന:ക്രമീകരണം വരുത്തുന്നത്.
നിലവിലെ ഏതെങ്കിലും പോളിംഗ് സ്റ്റേഷൻ പൊളിഞ്ഞു പോകുകയോ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ 500 മീറ്റർ ചുറ്റളവിൽ പുതിയ പോളിംഗ് സ്റ്റേഷൻ കണ്ടെത്തുന്നതിനും നിർദ്ദേശം നൽകി.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പുന:ക്രമീകരണം വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.
Post Your Comments