തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത് ആഭ്യന്തര വകുപ്പിന് തലവേദന സൃഷ്ടിക്കുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ മേശപ്പുറത്ത് ഇപ്പോള്‍ ഒരു കെട്ട് അവധി അപേക്ഷകളുണ്ട്. അതത് ജയിലുകളിലെ സൂപ്രണ്ട്മാര്‍ നല്‍കിയിരുന്ന അവധി അപേക്ഷകള്‍ ഇപ്പോള്‍ ഡി.ജി.പി നേരിട്ട് നോക്കുകയാണ്. അവധിക്ക് അപേക്ഷിക്കുന്നവര്‍ പറയുന്ന കാരണങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കുന്നതിനാണിത്.
കോവിഡ് സംശയിക്കുന്ന റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കാന്‍ അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) അസി. പ്രിസണ്‍ ഓഫിസര്‍ ജോലി ചെയ്തിരുന്നു. ഇവിടെ പാര്‍പ്പിച്ചിരുന്ന ഒരു റിമാന്‍ഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അസി. പ്രിസണ്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ക്വാറന്റീനിലായിരുന്നു. കഴിഞ്ഞ ദിവസം വിയ്യൂര്‍ സബ് ജയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ക്കു കോവിഡ് പോസിറ്റീവായതോടെയാണ് അവധി ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കേരളത്തിലെ ജയിലുകളില്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുമായുണ്ടായ സമ്ബര്‍ക്കമാണ് രോഗകാരണം.
അതുകൊണ്ടു തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്ത് ലഭിച്ചെന്നാണ് സൂചന. അതേസമയം, രാത്രിയും പകലും ജയിലിനുള്ളിലും സെല്ലുകളിലും ഡ്യൂട്ടി നോക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വാര്‍ഡന്‍മാര്‍ പറയുന്നു. പരോളിന് പോയി തിരിച്ചുവരുന്ന തടവുകാര്‍ക്ക് രോഗബാധ ഏറ്റിട്ടുണ്ടോയെന്ന് കൃത്യമായ പരിശോധന നടത്താനുള്ള സംവിധാനം ജയിലുകളില്‍ ഇല്ല. കൂടാതെ, രോഗം ലക്ഷണങ്ങള്‍ കാട്ടുന്നവരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളും മിക്ക ജയിലുകളിലും ഇല്ല. രോഗ ലക്ഷണമുള്ളവരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ യാതൊരു മുന്‍ കരുതലുകളും(പി.പി.ഇ കിറ്റ്) ഇല്ലാതെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യുന്നത്. ഇത് രോഗ ബാധയ്ക്ക് സാദ്ധ്യതയുണ്ട്.
ജയിലുകളില്‍ രോഗം പൊട്ടിപ്പുറപ്പെട്ടാല്‍ സാമൂഹ്യ വ്യാപനം ഉണ്ടായെന്ന് ഉറപ്പിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം, ജയിലില്‍ കഴിയുന്നവര്‍ വിദേശത്തു നിന്നു വന്നവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവരാണ്. പരോള്‍ തടവുകാര്‍ പുറത്തു നിന്നു കൊണ്ടു വരുന്ന രോഗമാണ് ജയിലിനുള്ളില്‍ വ്യാപിക്കുന്നത്. അതിനാല്‍ ഉറവിടം കണ്ടെത്താനും പ്രയാസമാകും. ഡ്യൂട്ടിക്കിടയില്‍ രോഗം ഉണ്ടായാല്‍ അത്, കുടുംബത്തിന് ദോഷകരമാകുമെന്ന് കണ്ടാണ് ഉദ്യോഗസ്ഥര്‍ നീണ്ട അവധിയെടുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
Post Your Comments