തിരുവില്വാമല : പ്രശസ്ത സീരിയൽ നടി ആർദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം നടന്നതായി പരാതി. താരത്തിന്റെ തിരുവില്വാമലയിലെ വീടിന് നേരെയാണ് സാമൂഹ്യ വിരുദ്ധർ അക്രമണം നടത്തിയത്. ഒരു കൂട്ടം ആളുകൾ വീട്ടിലെത്തി താരത്തിന്റെ അമ്മ ശിവകുമാരിയെ മർദിക്കുകയും ചെടിച്ചട്ടികളും വീങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം ആർദ്രയും അച്ഛൻ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു. പാലക്കാട് നിന്നുള്ള ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകൾ ആർദ്രയുടെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു.അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആർദ്ര പറഞ്ഞു.
അതേസമയം ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതായി പൊലീസ് വ്യക്തമാക്കി. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയൽ നടിയുടെ അമ്മയ്ക്കെതിരെ നിലവിൽ കേസുണ്ട്. ആർദ്രയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പ്രദേശത്തെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പഴയന്നൂർ പൊലീസ് വ്യക്തമാക്കി.
Post Your Comments