COVID 19KeralaLatest NewsNews

കോവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നത് രണ്ടുദിവസം; പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയിന്‍മെന്റ് സോണ്‍

കോഴിക്കോട് : കൊവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നതിനെ തുടര്‍ന്ന് കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മലപ്പുറം താനൂര്‍ സ്വദേശിയായ മീന്‍ ലോറി ഡ്രൈവറാണ് നിരീക്ഷണത്തിലിരിക്കെ രണ്ട് ദിവസം ഹാര്‍ബര്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കൊവിഡ് പോസിറ്റിവായത്.

ഹാര്‍ബര്‍ അടച്ച് ഇന്ന് രാവിലെ അഗ്നിശമന സേനയെത്തി അണുനശീകരണം നടത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും കണ്ടെയ്ന്‍മെന്റ് സോണ്‍ വരുന്നത്. പുതിയാപ്പ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനിലെ 75ാം വാര്‍ഡ് ജില്ലാ കളക്ടര്‍ എസ് സാംബശിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ, ഭക്ഷ്യ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്ക് രാവിലെ എട്ടു മുതല്‍ അഞ്ച് മണിവരെ മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി ഉണ്ടാകുക.

തിങ്കളാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സഞ്ചരിച്ച വഴികളെക്കുറിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. മത്സ്യം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറില്‍ ഇയാള്‍ എത്തിയത്. തീരദേശ പോലീസ് സ്റ്റേഷന് സമീപം ലോറി നിര്‍ത്തിയിട്ടശേഷം ഹാര്‍ബറിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതായും സ്ഥിരീകരിച്ചു.

ഞായറാഴ്ച കാന്റീന്‍ അടവായതിനാല്‍ ഓട്ടോയില്‍ സഞ്ചരിച്ചശേഷം പുതിയാപ്പ-പാവങ്ങാട് റോഡിലെ വാര്‍ഡ് അതിര്‍ത്തിയിലെ ഹോട്ടലില്‍നിന്ന് പാര്‍സല്‍ ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു. രാവിലെ തിരക്കുള്ള സമയത്താണ് ഇയാള്‍ ഹാര്‍ബറില്‍ എത്തിയിരുന്നത്. കാന്റീന്‍ ജീവനക്കാരനോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍സല്‍ വാങ്ങിയെന്ന് പറയുന്ന ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇയാള്‍ യാത്രചെയ്ത ഓട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

ജോലി ആവശ്യാര്‍ഥം ആന്ധ്രാപ്രദേശില്‍ പോയി ജൂണ്‍ നാലിന് മടങ്ങിവന്ന ഇയാള്‍ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 17-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവപരിശോധനയ്ക്ക് വിധേയനായിരുന്നു.അതിനിടയ്ക്ക് തിരുവനന്തപുരത്തേക്കും യാത്ര നടത്തിയതായാണ് വിവരം. 28 ദിവസം ക്വാറന്റീനില്‍ പോവണമെന്ന നിര്‍ദേശം അനുസരിക്കാതെയാണ് ഇയാൾ പലയിടങ്ങളിലും കറങ്ങിനടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button