വാഷിങ്ടന്‍: കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ അതിനിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍. യുഎസിലെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്നും പല സംസ്ഥാനങ്ങളിലും കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ കൂടിയായ ഡോ. ആന്തണി ഫൗചി ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
ചില വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരാനും വലിയ തോതിലുള്ള സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഫൗചി മുന്നറിയിപ്പു നല്‍കി. ടെക്സസ്, അരിസോണ, ഫ്ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമാണെന്നും ചില ദിവസങ്ങളില്‍ 30,000ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇത് വലിയ ആശങ്കയാണ് നല്‍കുന്നതെന്നും ഫൗചി പറഞ്ഞു. പരിശോധന കുറയ്ക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്നും ഫൗചി പറഞ്ഞു. തിങ്കളാഴ്ച ഫ്ളോറിഡയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.
അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളില്‍ പ്രതിദിനം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് ചില ഗവര്‍ണര്‍മാര്‍ അറിയിച്ചു. അതേസമയം ഈ വര്‍ഷം മറ്റൊരു പകര്‍ച്ചപ്പനി വ്യാപനത്തിനു സാധ്യതയുണ്ടെന്ന് സിഡിസി ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.
Post Your Comments