Latest NewsIndiaInternational

ഗല്‍വാനിൽ സംഘർഷ സാഹചര്യം ഒഴിയുന്നില്ല , 2000 സൈനികര്‍ മുഖാമുഖം

പര്‍വതയുദ്ധത്തില്‍ പ്രത്യേക പരിശീലനമുള്ള സേനാവിഭാഗത്തെക്കൂടി കിഴക്കന്‍ ലഡാക്കിലേക്ക്‌ അയച്ചതിനു പിന്നാലെ, ഡല്‍ഹിയില്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പ്രധാന കോര്‍ കമാന്‍ഡര്‍മാര്‍മാരുമായി ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി : ഏതാനും മീറ്റര്‍ മാത്രം അകലത്തില്‍ ഇരു ഭാഗത്തുമായി രണ്ടായിരത്തില്‍പ്പരം സൈനികര്‍ മുഖാമുഖം. കാലാള്‍പ്പടയ്‌ക്കു പിന്തുണയായി അല്‍പ്പം പിന്നില്‍ പീരങ്കികളുടെയും ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും വന്‍ വിന്യാസം. ഗല്‍വാനിലെ 14-ാം പട്രോള്‍ പോയിന്റിലും പാംഗോങ്‌ ട്‌സോയിലും സംഘര്‍ഷത്തിന്‌ അയവില്ല.പര്‍വതയുദ്ധത്തില്‍ പ്രത്യേക പരിശീലനമുള്ള സേനാവിഭാഗത്തെക്കൂടി കിഴക്കന്‍ ലഡാക്കിലേക്ക്‌ അയച്ചതിനു പിന്നാലെ, ഡല്‍ഹിയില്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പ്രധാന കോര്‍ കമാന്‍ഡര്‍മാര്‍മാരുമായി ചര്‍ച്ച നടത്തി.

ലഡാക്ക്‌, അരുണാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍.എ.സി) തയാറെടുപ്പുകളായിരുന്നു വിഷയം. ഇന്നലെ രണ്ടാം തവണയും ഇന്ത്യയുടെയും ചൈനയുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി. പാംഗോങ്‌ ട്‌സോയിലെ നിര്‍മിതികളടക്കം പൊളിച്ച്‌ ചൈനീസ്‌ പട്ടാളം മടങ്ങാതെ പിന്നോട്ടില്ലെന്ന്‌ ചര്‍ച്ചയില്‍ 14-ാം കോര്‍ കമാന്‍ഡര്‍ ലഫ്‌. ജനറല്‍ ഹരീന്ദര്‍ സിങ്‌ വ്യക്‌തമാക്കി. അതിര്‍ത്തിയില്‍ യുദ്ധസന്നാഹമൊരുങ്ങുമ്പോഴും നയതന്ത്ര ചര്‍ച്ചകള്‍ക്ക്‌ ഇരുപക്ഷത്തും അണിയറനീക്കം തുടങ്ങി.

അതിനിടെ, ചൈനയുടെ എതിര്‍പ്പവഗണിച്ച്‌ അതിര്‍ത്തിയിലെ 32 റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ (ഐ.ടി.ബി.പി) സെന്‍ട്രല്‍ പി.ഡബ്ല്യു.ഡി. എന്നിവര്‍ക്ക്‌ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ചൈനാ അതിര്‍ത്തിയില്‍ 73 റോഡുകളുടെ നിര്‍മാണമാണു നടക്കുന്നത്‌. ലഡാക്കില്‍ മൂന്നു റോഡുകളാണ്‌ ബി.ആര്‍.ഒ. നിര്‍മിക്കുന്നത്‌.ലേയില്‍നിന്ന്‌ ദൗലത്‌ ബെഗ്‌ ഓള്‍ഡി എയര്‍ സ്‌ട്രിപ്പിലേക്കുള്ള പാതയില്‍നിന്ന്‌ എല്‍.എ.സിയിലേക്കുള്ള റോഡുകളാണിവ.

ഇവിടെ വൈദ്യുതി, ടെലികോം സൗകര്യങ്ങളുമൊരുക്കാന്‍ പതിനായിരത്തോളം തൊഴിലാളികളാണു രംഗത്തുള്ളത്‌.ഗല്‍വാനില്‍ 15 നുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ കമാന്‍ഡിങ്‌ ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചു . ലഫ്‌. ജനറല്‍ തലത്തിലുള്ള യോഗത്തിലാണ്‌ ഇക്കാര്യം ചൈന അറിയിച്ചത്‌.എന്നാല്‍ സംഘട്ടനത്തില്‍ ആകെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന്‌ വ്യക്‌തമാക്കിയിട്ടില്ല. 1967 നുശേഷമുണ്ടായ വലിയ സംഘര്‍ഷമാണു ഗല്‍വാനിലേതെന്നും ചൈന സമ്മതിച്ചു.

നാല്‍പ്പതിലേറെ ചൈനീസ്‌ സൈനികര്‍ക്കു പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തിട്ടുകാമെന്നായിരുന്നു ഇന്ത്യയുടെ നിഗമനം. കൊല്ലപ്പെട്ട ചൈനീസ്‌ സൈനികരുടെ എണ്ണം പുറത്തുവിടാത്തത്‌ ഇന്ത്യന്‍ സര്‍ക്കാരിന്‌ സമ്മര്‍ദം ഉണ്ടാകാതിരിക്കാനാണെന്നാണ്‌ ചൈനീസ്‌ സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ നിലപാട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button