ന്യൂഡല്‍ഹി : ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
അതേസമയം ഇന്ത്യ- ചൈന പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഒരു ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്നു തന്നെയാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സെര്‍ജി ലാവ്‌റോവാണ് അല്‍പസമയം മുമ്പ് റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ മധ്യസ്ഥതയില്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.
ഇതിനിടെ, മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ റഷ്യയിലേക്കു തിരിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ സോവ്യറ്റ് യൂണിയൻ ജർമനിയെ കീഴടക്കിയതിന്‍റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മോസ്കോയിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാനാണ് രാജ്നാഥ് പോയിരിക്കുന്നത്. ചൈനയുടെ സീനിയർ സൈനിക നേതാവും റഷ്യയിലെത്തുന്നുണ്ട്. ഇന്ത്യ- ചൈന ബന്ധങ്ങൾ വഷളാക്കരുതെന്നും ചർച്ചകളിലൂടെ അതിർത്തിപ്രശ്നത്തിനു പരിഹാരം കാണണമെന്നുമാണ് റഷ്യ ഇരു രാജ്യങ്ങളോടും അഭ്യർഥിക്കുന്നത്. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ ഇന്നലെ സൈനികതല ചർച്ചയും നടത്തിയിരുന്നു.
Post Your Comments