തിരുവനന്തപുരം : പ്രശസ്ത നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാലനടനായി ചലച്ചിത്രരംഗത്ത് വന്ന അദ്ദേഹം നടനായും ഗായകനായും ഏഴു പതിറ്റാണ്ടിലേറെ നാടക-സിനിമാ മേഖലകളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ കലാകേരളം എന്നും സ്മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരികമന്ത്രി എ.കെ. ബാലനും അനുശോചനം അറിയിച്ചു. കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.മലയാള നാടക, സിനിമ, സംഗീത മേഖലകളിലെ ഒരു നൂറ്റാണ്ടിന്റെ വികാസപരിണാമങ്ങൾക്ക് സാക്ഷിയായ അദ്ദേഹം 107-ാം വയസിലാണ് വിട പറഞ്ഞത്. പതിനയ്യായിരത്തോളം വേദികളിൽ അദ്ദേഹം നാടകം അവതരിപ്പിച്ചു. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്. മഹാനായ ഒരു കലാകാരനെയാണ് നമുക്ക് നഷ്ടമായതെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
പള്ളുരുത്തിയിലെ വസതിയിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍(107 ) അന്തരിച്ചത്. ഏഴാം വയസിൽ ‘വേദമണി’ എന്ന സംഗീതനാടകത്തിലൂടെ അരങ്ങിലെത്തിയ പാപ്പുക്കുട്ടി 25 ൽ പരം സിനിമകളിലും പതിനയ്യായിരത്തോളം വേദികളിൽ നാടകത്തിലും അഭിനയിച്ചു. നിരവധി സിനിമകൾക്കായി പാടി. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയ്ക്കു വേണ്ടി 2010ലാണ് അവസാനമായി പാടിയത്. കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച ‘പ്രസന്ന’യാണ് ആദ്യ സിനിമ. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗായിക ടെൽമ ജോർജ്, നടൻ മോഹൻജോസ് എന്നിവർ മക്കളാണ്. പ്രശസ്‌ത സംവിധായകൻ ശ്രീ കെ ജി ജോർജ് മരുമകൻ
Post Your Comments