Latest NewsNewsSaudi ArabiaGulf

ഷൈലജ ടീച്ചർക്കെതിരെ മുല്ലപ്പള്ളിയുടെ പരാമർശങ്ങളും, സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനവും സാംസ്ക്കാരികകേരളത്തിന് അപമാനം: നവയുഗം വനിതാവേദി

ദമ്മാം: കേരളത്തിന്റെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർക്കെതിരെ കോണ്‍ഗ്രസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് നവയുഗം വനിതാവേദി ആരോപിച്ചു.

പൊതുരംഗത്തുള്ള സ്ത്രീകളെ, അവർ എത്ര ഉന്നതപദവിയിൽ ഉള്ളവരാണെങ്കിലും, വ്യക്തിപരമായി അധിക്ഷേപിയ്ക്കുന്നത് തെറ്റല്ല എന്ന് കരുതുന്ന പുരുഷഈഗോയുടെ ഒരു പ്രതിഫലനമാണ് മുല്ലപ്പള്ളിയുടെ വാക്കുകളിൽ കാണുന്നത് . ദീർഘമായ അനുഭവസമ്പത്തുള്ള ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നിന്ദ്യമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ആ പരാമർശങ്ങൾ പിൻവലിച്ചു മുല്ലപ്പള്ളി മാപ്പു പറയണമെന്ന്‌ നവയുഗം വനിതാവേദി ആവശ്യപ്പെട്ടു.

ഷൈലജടീച്ചർ കേരളജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയത് തന്നെ, ആരോഗ്യമന്ത്രി എന്ന നിലയിൽ, ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം ആത്മാർത്ഥതയോടെയും വിജയകരമായും ചെയ്തത് കൊണ്ടാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രി ആരായിരുന്നു എന്ന് ചോദിച്ചാൽ ജനങ്ങൾക്ക് അറിയില്ലാത്ത അവസ്ഥ ആയിരുന്നു. അന്ന് ആരോഗ്യമന്ത്രി ആയിരുന്ന വി എസ് ശിവകുമാർ ഇന്ന് അഴിമതി കേസുകളിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ്. പകർച്ചപ്പനി നാടാകെ പടർന്നു, ജനങ്ങൾ സർക്കാർ ആശുപത്രിയിൽ എത്തിയാൽ പാരസെറ്റമോൾ പോലും കിട്ടാത്ത അവസ്ഥയിൽ കുത്തഴിഞ്ഞു കിടക്കുന്നിരുന്ന ഒരു ആരോഗ്യവകുപ്പാണ് അന്ന് ഉണ്ടായിരുന്നത്.

ആ വകുപ്പിനെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും, മികച്ച നേതൃത്വത്തിലൂടെയും, ജനങ്ങൾക്ക് പെട്ടെന്നു കിട്ടാവുന്നതും, സൗജന്യവും, ഫലപ്രദവുമായ ചികിത്സയും മരുന്നും ലഭിയ്ക്കുന്ന കെട്ടുറപ്പുള്ള ഒരു പ്രൊഫഷണൽ ഡിപ്പാർട്ട്മെന്റാക്കി മാറ്റിയത് ശൈലജ ടീച്ചറുടെ കഴിവാണ്. നിപ്പയെയും, കൊറോണയെയും വിജയകരമായി നേരിട്ടത് ആ പ്രൊഫെഷണലിസത്തിന്റെ ഉദാഹരണമാണ്. പ്രൊഫെഷനലിസം എന്ന വാക്കിന്റെ അർത്ഥം, മുൻപ് കേന്ദ്രആഭ്യന്തരസഹമന്ത്രി എന്ന നിലയിൽ, സംഘപരിവാർ പ്രതിയായ കേസുകൾ പോലും കൈകാര്യം ചെയ്യുന്നതിൽ വൻപരാജയമായ മുല്ലപ്പള്ളിയ്ക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിയ്ക്കും. അത് കൊണ്ട് തന്നെ ഷൈലജ ടീച്ചറിനെ അപഹസിയ്ക്കാനുള്ള യാതൊരു ധാർമിക അവകാശവും മുല്ലപ്പള്ളിയ്ക്ക് ഇല്ല.

മുല്ലപ്പള്ളിയുടെ പ്രസ്താവനയെ എതിർത്ത് ഷൈലജ ടീച്ചറെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്ന പേരിൽ, നിപ്പ ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ, അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത് കേരളസമൂഹത്തെ ലജ്ജിപ്പിയ്ക്കുന്ന സംഭവമാണ്. സജീഷ് പറഞ്ഞത് സ്വന്തം അനുഭവമാണ്. സ്വന്തമായി അഭിപ്രായം പറയുന്ന സാധാരണക്കാരെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുന്നത് ഒരു രാഷ്ട്രീയപാർട്ടിയ്ക്കും ഭൂഷണമല്ല.

ലോകമെങ്ങും ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ കൊറോണക്കാലത്തും, ഇലക്ഷൻ മാത്രം മുന്നിൽകണ്ട് നടത്തുന്ന ഇമ്മാതിരിയുള്ള നിലവാരം കുറഞ്ഞ രാഷ്ട്രീയം പ്രതിപക്ഷം അവസാനിപ്പിയ്ക്കണമെന്ന് നവയുഗം വനിതാവേദി പ്രസിഡന്റ് അനീഷ കലാമും, സെക്രട്ടറി മിനി ഷാജിയും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button