COVID 19Latest NewsNews

ലൈഫ് മിഷൻ പ്രവർത്തനം അടുത്തറിഞ്ഞ് ഭൂമി നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം

തിരുവനന്തപുരം • ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ 2.75 ഏക്കർ ഭൂമി നൽകിയ പൂവച്ചൽ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം. സുകുമാരൻ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് അദ്ദേഹത്തിന് മെമന്റോ സമ്മാനിക്കുകയും ഭൂമി സന്ദർശിക്കുകയും ചെയ്തു.

വെറുതേ ഭൂമി നൽകുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നൽകാൻ സ്വമേധയാ തീരുമാനമെടുത്തതെന്ന് സുകുമാരൻ വൈദ്യർ പറഞ്ഞു. തനിക്കിത് എങ്ങനെയെങ്കിൽ കളയാനുള്ള ഭൂമിയല്ല. ഇത് പാവങ്ങൾക്ക് കിട്ടണം. ഇതിനായി അടിമാലിയിലെ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയം ഉൾപ്പെടെയുള്ള ലൈഫ് പദ്ധതികളും, കടയ്ക്കലിൽ ലൈഫിനു ഭൂമി നൽകിയ അബ്ദുള്ളയെയും സന്ദർശിച്ചു. ഇതിനെല്ലാം ശേഷമാണ് പാവപ്പെട്ടവർക്ക് ഗുണകരമാകാൻ അദ്ദേഹം ലൈഫിന് ഭൂമി കൈമാറുന്നത്.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ് സുകുമാരൻ വൈദ്യർ നൽകിയ ഭൂമിയെന്ന് ലൈഫ് സി.ഇ.ഒ യു.വി ജോസ് പറഞ്ഞു. ലൈഫിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ഭൂമി നൽകിയതിലൂടെ വൈദ്യർ ലൈഫിന്റെ പ്രവർത്തനമികവ് തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിക്കായി വ്യക്തിപരമായി ലഭിക്കുന്ന ഏറ്റവും കൂടിയ വിസ്തൃതിയുള്ള ഭൂമിയാണ് പൂവച്ചലിലേത്. ഭൂമിയിൽ ഭവനസമുച്ചയം യാഥാർഥ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ വൈദ്യർക്കൊപ്പം ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് പിന്നീട് കുളവുപാറയിലെ ഭൂമി സന്ദർശിക്കുകയും ചെയ്തു.

പന്നിയോടിനുസമീപം കല്ലാമം കുളവ്പാറയിൽ തന്റെ അമ്മയുടെ ഓർമ്മക്കായി സ്ഥാപിച്ച ജാനകി മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ അദ്ദേഹം വാങ്ങിയ ഭൂമിയാണ് പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ പേരിൽ ഇഷ്ടദാനമായി സുകുമാരൻ വൈദ്യർ കൈമാറിയത്. ഏതാണ്ട് മൂന്ന് കോടിയോളം രൂപ ഭൂമിക്ക് വിലവരും. പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. വിജയദാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, പഞ്ചായത്തംഗം എ.കെ. ദിനേശ്, പഞ്ചായത്ത് സെക്രട്ടറി എസ്. ജയന്തി, ലൈഫ് മിഷൻ ചീഫ് എഞ്ചിനീയർ എൻ. അജയകുമാർ, പ്രോജക്ട് മാനേജർ യു.എസ്. രാഹുൽ, ജില്ലാ കോ-ഓർഡിനേറ്റർ ജെ. സജീന്ദ്രബാബു എന്നിവർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ 113 കുടുംബങ്ങൾ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് വീട് വയ്ക്കുന്നതിന് പഞ്ചായത്ത് വക 70 സെന്റ് ഭൂമി നേരത്തെ തന്നെ ലൈഫ് മിഷന് കൈമാറിയിരുന്നു. എന്നാൽ ഈ ഭൂമിയിൽ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കുമുള്ള ഭവന സമുച്ചയ നിർമ്മാണം സാധ്യമല്ലായിരുന്നു. തുടർന്നാണ് അദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ വിലയ്ക്ക് വാങ്ങിയ 2.75 ഏക്കർ ഭൂമി ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി പ്രകാരം വീട് വച്ചു നൽകുന്നതിന് പഞ്ചായത്തിന് സൗജന്യമായി കൈമാറിയത്. ഒട്ടനവധി കാരുണ്യ പ്രവൃത്തനങ്ങൾ നടത്തിവരുന്ന ഇദ്ദേഹം പന്നിയോട് ജംഗ്ഷനിൽ ലക്ഷങ്ങൾ മുടക്കി കാത്തിരിപ്പ്‌കേന്ദ്രം, വായനശാല, ഗ്രന്ഥശാല എന്നിവയും ട്രസ്റ്റിന്റെ പേരിൽ നിർമ്മിച്ച് നൽകിയിട്ടുണ്ട്. പാരമ്പര്യ ആയുർവേദ വിധിപ്രകാരം ചികിത്സകനാണ് സുകുമാരൻ വൈദ്യർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button