കോട്ടയം: ലൈഫ് മിഷന്‍ ഫ്‌ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്‌ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയം രണ്ടു മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു.
Read Also: വിവരമുള്ള ഒരാളാണല്ലോ, ശശി തരൂർ മുഖ്യമന്ത്രിയായാൽ നന്നായിരിക്കും: ജോയ് മാത്യു
ഇക്കഴിഞ്ഞ ഏപ്രില്‍ 8ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ വീടുകള്‍ രണ്ടു മാസത്തിനകം ചോര്‍ന്നൊലിച്ചത് താമസക്കാരുടെ വ്യാപക പരാതിക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റ് സമുച്ചയത്തില്‍ വാര്‍ത്താ ചിത്രീകരണത്തിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനു മുന്നിലും താമസക്കാര്‍ പരാതി തുറന്നു പറഞ്ഞു. നിര്‍മാണ ഗുണനിലവാരത്തില്‍ സംശയമുന്നയിച്ച കുഞ്ഞുമോള്‍ എന്ന വീട്ടമ്മയെയാണ് ഇന്നലെ ഉച്ചയോടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കമുളള സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിയോട് പറയാതെ എന്തിന് മാധ്യമങ്ങളെ അറിയിച്ചു എന്നു ചോദിച്ചായിരുന്നു ഭീഷണിയെന്ന് കുഞ്ഞുമോള്‍ പറയുന്നു.
ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുളളവരുമായി കുഞ്ഞുമോളുടെ വീട്ടില്‍ എത്തിയ കാര്യം സ്ഥിരീകരിച്ച പഞ്ചായത്തിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ടി.ബിജു ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. സംഭവത്തെ കുറിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കളും ഫ്‌ളാറ്റിന്റെ നിര്‍മാണ ചുമതലയുളള കരാറുകാരും തമ്മിലും വാക്കേറ്റം ഉണ്ടായി. താമസക്കാര്‍ ഫ്‌ളാറ്റിന് സ്വയം കേടുവരുത്തിയതാണെന്ന ന്യായീകരിക്കാനുളള കരാറുകാരുടെ ശ്രമമാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്.
അതേസമയം ഫ്‌ളാറ്റ് നിര്‍മാണത്തില്‍ വ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വിജയപുരം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നിര്‍മാണ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. ഇടത് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെ താറടിച്ചു കാട്ടാനുളള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണ സമിതി നടത്തുന്നതെന്ന വിമര്‍ശനമാണ് സിപിഎം ഉയര്‍ത്തുന്നത്. ഇതിനിടെ ഫ്‌ളാറ്റിലെ ചോര്‍ച്ചയടയ്ക്കാനുളള അറ്റകുറ്റപ്പണികള്‍ തുടരുകയാണ്.
Post Your Comments