ന്യൂഡൽഹി: അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കു കരസേന നല്കി. അതിര്‍ത്തിയില്‍ വെടിവയ്പ് പാടില്ലെന്ന 1996 ലെ ഇന്ത്യ- ചൈന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്. പ്രദേശത്ത് എയര്‍ പട്രോള്‍ ശക്തമാക്കിയെന്നുള്ള വ്യോമസേനയുടെ അറിയിപ്പു വന്ന പശ്ചാത്തലത്തില്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ‘റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റി’ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്.
ലഡാക്കില്‍ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. ഗാല്‍വന്‍ താഴ് വരയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഇതോടെ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ സൈന്യത്തിന് ആയുധമെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നത്.ഇതോടെ ഇരുപത്തിയഞ്ച് കൊല്ലം മുമ്പുണ്ടാക്കിയ കരാര്‍ ഇന്ത്യ മറക്കുകയാണ്. ആണി തറച്ച തടിക്കഷ്ണങ്ങളുമായി ഇനി വന്നാല്‍ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കും.കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും.
ഇതിനിടെ ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ ഏതാനും ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ സേനയും പിടികൂടിയെന്നും പിന്നീട് വിട്ടയച്ചതാണെന്നും കേന്ദ്ര മന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ. സിങ് അറിയിച്ചു. റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റില്‍ മാറ്റം വരുത്തിയതോടെ നീചമായ ചൈനീസ് ആക്രമണത്തിന് മുന്നില്‍ ശക്തമായി പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.അതിര്‍ത്തിയില്‍ ഇതുവരെ നിലനിന്നിരുന്ന മര്യാദകള്‍ ഇനിയില്ലെന്നും ചൈനയുടെ ഏതു പ്രകോപനത്തെയും അതേ രീതിയില്‍ നേരിടുമെന്നും സേനാ, നയതന്ത്ര ചര്‍ച്ചകളില്‍ ഇന്ത്യ അറിയിച്ചു.
Post Your Comments