രോഗരഹിതവും സുദൃഢവുമായ ശരീരമാണ് ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ് യോഗ. ബുദ്ധിവികാസത്തിനും കാര്യശേഷിവര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന് ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു.
യോഗ എന്നാല്‍ എന്ത്
ആര്‍ഷഭാരതത്തിന്റെ അമൂല്യസംഭാവനയാണ് യോഗദര്‍ശനം, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ് യോഗ. അതല്ലെങ്കില്‍ പ്രാണനും അപാനനും തമ്മിലുള്ള ചേര്‍ച്ച. മാനുഷികസത്തയെ ദിവ്യാവബോധത്തിലേക്കുയര്‍ത്തുകയാണ് യോഗയുടെ ആത്യന്തികലക്ഷ്യം. കൂടെ രോഗങ്ങള്‍ മാറുകയും ചെയ്യുന്നു. പതഞ്‌ജലിയെന്ന മഹര്‍ഷിയാണ് ഇതിന്റെ ഉപജ്‌ഞാതാവ്.
യോഗ ആർക്കെല്ലാം അനുഷ്‌ഠിക്കാം
സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും അഭ്യസിക്കാന്‍ പറ്റുന്ന ശാസ്‌ത്രമാണിത്. യോഗ ഭാരതത്തിന്റെ സംസ്‌കാരമാണ്. ഒരു മതത്തോടും ബന്ധിതമാകാതെ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നു. ഒരാളെക്കൊണ്ട് യോഗ ചെയ്യിക്കുമ്പോള്‍ അയാളുടെ പ്രായം, അയാളിലെ രോഗങ്ങള്‍, രോഗത്തിന്റെ കാഠിന്യം, അയാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ആസനങ്ങള്‍, ഏതൊക്കെ ആസനങ്ങള്‍ പാടില്ല. കഠിനമായ ആസനങ്ങള്‍ ഇവയെല്ലാം മനസിലാക്കണം.
യോഗ എപ്പോള്‍, എങ്ങനെ ചെയ്യാം
നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ശരീരശുദ്ധിവരുത്തിവേണം യോഗ ആരംഭിക്കുവാന്‍. രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്. ഉത്തമസമയം പ്രഭാതത്തിലാണ്. നല്ലൊരു മുറി ഇതിന് തെരഞ്ഞെടുക്കണം. ആരുടെയും ശല്യമില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള മുറി വേണം തെരഞ്ഞെടുക്കാന്‍. ശരീരത്തില്‍ കുറച്ച് വസ്‌ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പുരുഷന്മാര്‍ ലങ്കോട്ടി ധരിക്കുന്നത് ഉത്തമമായിരിക്കും. സ്‌ത്രീകള്‍ കൈകാലുകള്‍ മടക്കുന്നതിനും പൊക്കുന്നതിനും തടസമില്ലാത്ത വസ്‌ത്രങ്ങള്‍ വേണം ധരിക്കുവാന്‍. യോഗ ചെയ്യുന്ന സമയത്ത് ഫാന്‍ ഉപയോഗിക്കരുത്. കൂടാതെ ഏതെങ്കിലും കഠിനമായഅസുഖമുള്ളപ്പോള്‍ യോഗ ചെയ്യരുത്. നിരപ്പായ തറയില്‍ ഒരു വിരിപ്പുവിരിച്ച് അതിന്മേല്‍ വേണം യോഗ അഭ്യസിക്കുവാന്‍. ഒരിക്കലും ആ സമയം ശരീരം തറയില്‍ മുട്ടുവാന്‍ പാടില്ല. ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ യോഗാ ചെയ്യാവൂ. അതേപോലെ യോഗ കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. നല്ല ഒരു ഗുരുവിന്റെ കീഴില്‍ മാത്രമേ യോഗ അഭ്യസിക്കാവൂ. സി.ഡി. കണ്ടോ, പുസ്‌തകത്തിലൂടെയോ യോഗ ശീലിക്കരുത്.
യോഗ വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാം
ശരീരം പഞ്ചഭൂത നിര്‍മ്മിതമാണ്. അത് വിഘടിക്കുമ്പോഴാണ് നമുക്ക് രോഗങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ശരീരത്തിലെ മിക്ക അവയവങ്ങളുടെയും താളം തെറ്റുന്നു. ഈ താളം ശരിയായവിധത്തിലാക്കുകയാണ് യോഗയിലൂടെ. ശരീരത്തില്‍ ധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍മൂലവും രോഗങ്ങളുകും. ഈ ധാതുക്കളെ പുഷ്‌ടിപ്പെടുത്തിയാല്‍ അതില്‍നിന്നും ഒരു പരിധിവരെ മോചിതരാകാന്‍ കഴിയും.
Post Your Comments