തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം ജൂണ്‍ 21ന് പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ആചരിക്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ശാരീരിക, മാനസിക ആരോഗ്യത്തിന് യോഗ വളരെ പ്രധാനമാണ്. കോവിഡിനെതിരായ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് ആരോഗ്യം. അതിനാല്‍ തന്നെ അന്താരാഷ്ട്ര യോഗാചരണത്തിനും പ്രസക്തിയുണ്ട്. അതേസമയം കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധി ഘട്ടത്തിലൂടെ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചും മറ്റ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും യോഗ ദിനം ആചരിക്കുന്നതിനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നുംമന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടം ജൂണ്‍ 21ന് രാവിലെ 7 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആള്‍ക്കാര്‍ ഈ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കുചേരും. ഇതിന്റെ ഭാഗമായി പ്രഭാഷണം, യോഗ പരിശീലനം, എന്നിവയും ഉണ്ടാകും. അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി ജീവിതശൈലീ രോഗ പ്രതിരോധം ലക്ഷ്യമിട്ടുകൊണ്ട് നിരവധി ഓണ്‍ലൈന്‍ യോഗ പരിശീലന ക്ലാസുകള്‍ ആയുഷ് വകുപ്പ് സംഘടിപ്പിച്ച് വരികയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലെയും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അവരവരുടെ കുടുംബത്തോടൊപ്പം വീടുകളില്‍ തന്നെ യോഗാഭ്യാസത്തില്‍ പങ്ക്‌ചേരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments