ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ. കോവിഡ് രോഗ മുക്തി നിരക്ക് നിലവിൽ 54.12 ശതമാനം ആണ്. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
അതേസമയം, 24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയർന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 12,948 ആയി.
അതേസമയം, കോവിഡ് ചികിത്സയിലുള്ള ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കാനാണ് സത്യേന്ദ്ര ജയിനെ സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ശ്വാസ കോശത്തിൽ അണുബാധ വർധിച്ചതിനാൽ ഓക്സിജൻ സഹായവും നൽകുന്നുണ്ട്.
ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിടുന്നതിനാലാണ് ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി വെള്ളിയാഴ്ച സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസംമുട്ടലുമായി ചൊവ്വാഴ്ച ആശുപത്രിയിലായ അദ്ദേഹത്തിന്റെ ആദ്യ കോവിഡ് ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. ഓക്സിജൻ നില വളരെ താഴ്ന്നതോടെ ഇന്നലെ രാവിലെ മുതൽ ശ്വസനസഹായി ഉപയോഗിക്കുന്നുണ്ട്. ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു ജെയിൻ.
Post Your Comments