ഹൈദരാബാദ്: ഗാൽവൻ താഴ്‌വരയിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പു നല്‍കുന്നുവെന്ന് ഇന്ത്യൻ വ്യോമ സേനാ മേധാവി ആര്‍ കെ എസ് ബദൗരിയ. ഇന്ത്യാ- ചൈനാ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് അദ്ദേഹം ചടങ്ങില്‍ ആദരവ് അര്‍പ്പിച്ചു. വെല്ലുവിളികള്‍ക്കിടയിലും എന്തു വിലകൊടുത്തും ഇന്ത്യയുടെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയമാണ് സൈനികരുടെ ത്യാഗം പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തെയും ചെറുക്കാന്‍ ഇന്ത്യന്‍സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സൈന്യം നിരീക്ഷിച്ച് വരികയാണ്. അതിര്‍ത്തിയില്‍ എന്ത് പ്രകോപനം ഉണ്ടെങ്കിലും നേരിടാന്‍ സജ്ജമാണ് ഇന്ത്യന്‍ സൈന്യം. അതീവ ജാഗ്രതയോടെയാണ് സൈന്യം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതെന്നും വ്യോമസേനാ മേധാവി അറിയിച്ചു.
നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും വിലയിരുത്തും. കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം എല്ലാ തയ്യാറെടുപ്പുകളും നടത്തി. പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് ആണ് സൈനിക തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. നിരവധി പോർ വിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും എത്തിച്ചു. ഭൂമി ശാസ്ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്ക്കാണ്.
Post Your Comments