കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ അധിക്ഷേപകരമായ പരാമര്‍ശനം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി നിപ പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഗസ്റ്റ് റോളില്‍ പോലും ഇല്ലാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളിയെന്ന് സജീഷ് പറഞ്ഞു. ലിനിയുടെ മരണ ശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായപ്പോളും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്ന് പരാമര്‍ശം ഉയര്‍ന്നപ്പോളും പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും അതില്‍ മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും തന്നെ ക്രെഡിറ്റ് ഇല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രവാസി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷനേതാവിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളിയുടെ പരാമര്‍ശം. പരാമര്‍ശം വിവാദത്തിലായതിനെ തുടര്‍ന്നാണ് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം മുല്ലപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിക്ക് സ്വബോധം നഷ്ടപ്പെട്ടെന്നും ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ ആരോഗ്യമന്ത്രിയെ അപമാനിച്ചുവെന്നും മന്ത്രി എംഎം മണി വിമര്‍ശിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രിക്കെതിരായ നടത്തിയ മീഡിയാ മാനിയ പരാമര്‍ശം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടിക്ക് വലിയ കോട്ടംപറ്റുന്ന രീതിയിലുള്ള മുല്ലപ്പള്ളിയുടെ പരാമര്‍ശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ സാധിക്കാതിരുന്ന പ്രതിപക്ഷം ഒരവസരത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് വീണ്ടും തിരിച്ചടിയായി മുല്ലപ്പള്ളിയുടെ പരാമര്‍ശം ഉണ്ടായത്.
പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന സാഹചര്യം ഉണ്ടായിട്ടും നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. പ്രവാസി പ്രശ്‌നത്തില്‍ കടുത്ത പ്രതിരോധത്തിലായ സര്‍ക്കാറിന് പ്രതിപക്ഷത്തെ അടിക്കാന്‍ അനാവശ്യമായി വടി നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
Post Your Comments