ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തിനു പിന്നാലെ ബോളിവുഡിലെ നെപോട്ടിസത്തെ കുറിച്ച് വ്യാപകമായ ആരോപണങ്ങള്‍ ഉയരുകയാണ്. അതില്‍ താരപുത്രന്മാരെ വിമര്‍ശിച്ച് കൊണ്ടും ചില ആരാധകരെത്തി. എന്നാല്‍ ഈ പ്രവണതയോട് വിയോജിപ്പുമായി എത്തിയിരിക്കുകയാണ് യുവസംവിധായകന്‍ ദേവന്‍. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ദേവന്റെ കുറിപ്പ്
നെപോട്ടിസത്തെ കീറി മുറിക്കുന്നതാണല്ലോ പുതിയ ട്രെന്‍ഡ്. അല്ല, ഒരു നടന്റെ/നടിയുടെ മകനായി ജനിച്ച് പോയത് കൊണ്ട് അവര്‍ക്ക് സിനിമയില്‍ വരാന്‍ പാടില്ലേ? ആ കുഞ്ഞ് ജനിച്ച് വീഴുന്ന ദിവസം മുതല്‍ അവനെ/അവളെ ഒരു സെലിബ്രിറ്റി ആയി വലിഞ്ഞു മുറുകുന്നത് നമ്മുടെ ഈ സമൂഹം തന്നെ അല്ലെ?
തൈമൂര്‍ അലി ഖാന്‍ പിറന്ന നാള്‍ മുതല്‍ സെലിബ്രിറ്റി ആണ് അവന്‍. സെയിഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍. ഏതോ ആര്‍ട്ടികിളില്‍ വായിച്ചു, പാപ്പരാസികള്‍ ഏറ്റവുമധികം ക്ലിക്ക് ചെയ്യാന്‍ കാത്തിരിക്കുന്ന മുഖം ഷാരൂഖിന്റെയോ അനുഷ്‌ക ശര്‍മയുടേയോ ഒന്നും അല്ല, അത് തൈമൂറിന്റെ ആണ്. ക്ലിക്ക് ഒന്നിന്ന് ആയിരങ്ങള്‍ പ്രതിഫലം ആയി കിട്ടുമത്രെ!
തൈമൂറിനെ പോലെ ഉള്ള സെലിബ്രിറ്റി കിഡ്‌സ് നാളെ വളര്‍ന്ന് വലുതാവുമ്പോള്‍ കാര്യങ്ങള്‍ ഒന്നും അത്ര എളുപ്പമാവില്ല. എത്രമാത്രം സമ്മര്‍ദങ്ങളുടെ ചട്ടക്കൂടില്‍ നിന്നാണ് അവര്‍ സ്വന്തമായൊരു ജീവിതം പടുത്തുയര്‍ത്തേണ്ടത്? അച്ഛന്റെയോ അമ്മയുടേയോ നിഴലില്‍ അല്ലാതെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. ഒരു സമൂഹം മുഴുവനും അവരെ നോക്കി നില്‍ക്കും, ഓരോ ചുവടിലും.
ഒരു ഡോക്ടറുടെ കുട്ടി ഒരു ഡോക്ടര്‍ ആയി തീരുമ്പോള്‍ സ്വാഭാവികമായി കിട്ടുന്ന ചില പ്രിവിലേജ് ഉണ്ട്. മറ്റ് ഏത് മാതാപിതാക്കളെക്കാള്‍ പ്രോപ്പര്‍ ആയ ഒരു ഗൈഡന്‍സ് അവര്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ ആകും. ഒരു കഴിവും ഇല്ലാതെ, അച്ഛന്റെയോ അമ്മയുടേയോ നിഴലില്‍ മാത്രം, അവരുടെ പാത എല്ലാ കാലത്തും ഒരാള്‍ക്ക് പിന്തുടരുവാന്‍ സാധിക്കുമോ? അങ്ങനെ ഒരു വലിയ ചരിത്രം നമ്മള്‍ക്ക് പിന്നില്‍ ഉണ്ടോ? പ്രത്യേകിച്ച് എന്റര്‍ടെയിമെന്റ് ഇന്‍ഡസ്ട്രിയില്‍?
നമുക്ക് ഈ കുഞ്ഞു കേരളം തന്നെ എടുക്കാം. മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പും ഇവിടെ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിട്ടുണ്ടല്ലോ? പ്രേം നസീര്‍, സോമന്‍, സത്താര്‍ അങ്ങനെ എത്ര പേര്‍! ഇതില്‍ പലരുടെയും മക്കള്‍ താരശോഭയില്‍ സിനിമയില്‍ എത്തി; എന്നാല്‍ അവരുടെ മുന്‍തലമുറക്കാരുടെ അത്രയും മികവ് പുലര്‍ത്താന്‍ ആവാതെ ഇവിടെ നിന്നും പിന്‍വാങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയില്‍ വന്നത് തന്നെ സുകുമാരന്‍ മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. കരിയറിന്റെ തുടക്ക കാലഘട്ടം അവരൊക്കെ എങ്ങനെ ആണ് അതിജീവിച്ചത് എന്ന് നമ്മുക്ക് കൃത്യം ആയി അറിയാം.
ആയുഷ്മാന്‍ ഖുറാനയും, നവാസുദിനും, വിക്കി കൗശലും, രാജ്കുമാര്‍ റാവുവും ഒക്കെ വിജയകോടിയില്‍ നില്‍ക്കുന്ന ഈ ബോളിവുഡ് ഇറയില്‍, നെപ്പോട്ടിസം ഒരു വലിയ പ്രശ്നമായി വലിച്ച് ഇഴക്കുന്നതിനോട് തീര്‍ത്തും വിയോജിപ്പ്. ‘ക്രിക്കറ്റ് ദൈവത്തിന്റെ’ മകന്‍ ആയി ജനിച്ച പേരില്‍ ആ മേഖലയില്‍ തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദത്തില്‍ ഇരിക്കുന്ന ഒരു വ്യക്തി ആവും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അയാളുടെ പ്രിവിലെജിനെ പോലെ തന്നെ അയാള്‍ നേരിടുന്ന സമ്മര്‍ദ്ദ ത്തിനെ പറ്റി കൂടി നമ്മുക്ക് ഇടക്ക് ഓര്‍ക്കാം.
പൈസയും ഫെയിമിനും അപ്പുറം മനുഷ്യന്റെ മാനസികാവസ്ഥ ഏതൊക്കെ തരത്തില്‍ സഞ്ചരിക്കും എന്നത് സുശാന്തിന്റെ മരണത്തിലൂടെ നമ്മുക്ക് പാഠം ആകാം. നെപ്പോട്ടിസം പറഞ്ഞുള്ള സൈബര്‍ ആക്രമണം അവരെയും മാനസികമായി മറ്റൊരു സമ്മര്‍ദത്തില്‍ എത്തിച്ചേക്കാം. അത്‌കൊണ്ട് എന്തിനോടുമുള്ള ഈ അമിതമായ, തീവ്രമായ, പ്രതികരണം നമ്മുക്ക് നിര്‍ത്താന്‍ ശ്രമിക്കാം.
Post Your Comments