Latest NewsNewsIndia

പസിഫിക് സമുദ്രത്തിൽ വൻ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ചൈനയ്ക്ക് കനത്ത വെല്ലുവിളി

ന്യൂഡൽഹി: പസിഫിക് സമുദ്രത്തിൽ വൻ വിമാനവാഹിനി കപ്പലുകളുമായി അമേരിക്കയുടെ കടന്നു വരവ് ചൈനയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വർഷങ്ങൾക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം.

ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ൽ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടർന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്. യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ വ്യാ‌പാരത്തർക്കത്തിൽ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കമെന്നതു ശ്രദ്ധേയമാണ്. തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി.

ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച്, ക്സിഷാ– നാൻഷാ ദ്വീപുകളിലെ (പാരാസെൽ – സ്പ്രാറ്റ്ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം’.– ബെയ്ജിങ്ങിലെ നേവൽ വിദഗ്ധൻ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.

കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടർന്നാണു യുഎസ് സേനയുടെ നീക്കമെന്നാണു വിലയിരുത്തൽ. വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോർട്ടുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോർ റൂസ്‌വെൽറ്റ് ഇവിടെ എത്തിയത്.

ALSO READ: “ഇന്ത്യ ഒറ്റക്കെട്ടായി നരേന്ദ്രമോദിയോടൊപ്പം”; ചൈന നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകണമെന്ന് ശിവസേന

മേയിലും ചൈനയ്ക്കെതിരെ അമേരിക്കയുടെ അപ്രതീക്ഷിത നീക്കമുണ്ടായിരുന്നു. ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്. നാലു ബോംബറുകളും ഗുവാമിലാണ് ലാൻഡ് ചെയ്തത്. യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും ഗുവാമിലെ ആൻഡേഴ്സൺ എയർഫോഴ്സ് ബേസിൽ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാൻഡ് പ്രസ്താവനയിലാണ് അറിയിച്ചത്. ബി -1 ബി ലാൻസറുകളിൽ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്കും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാൻ ഭാഗത്തേക്കുമാണു തിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button