ന്യൂഡല്‍ഹി • ലഡാക്കിൽ ഇന്ത്യൻ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തിനെന്നും അവരെ കൊലപ്പെടുത്താന്‍ ചൈന ധൈര്യപ്പെടുന്നതെങ്ങനെയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തന്റെ ട്വീറ്റില്‍ ചൈനയുടെ പേര് എന്തുകൊണ്ട് നൽകിയില്ലെന്നും 20 സൈനികരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അദ്ദേഹത്തിന് രണ്ട്ദിവസം എടുക്കേണ്ടി വന്നത് എന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
തിങ്കളാഴ്ച രാത്രി ഇന്ത്യ-ചൈന അക്രമങ്ങൾ നടന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന വിരമിച്ച കരസേനാ ഉദ്യോഗസ്ഥന്റെ അഭിമുഖവും ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിൽ ചൈനയുടെ പേരുപറയാതെ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് ബുധനാഴ്ച അദ്ദേഹം ചോദിച്ചു.
“ഇത് വളരെ വേദനാജനകമായിരുന്നുവെങ്കിൽ: നിങ്ങളുടെ ട്വീറ്റിൽ ചൈനയെ പേരെടുത്ത് പറയാതെ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ട്? അനുശോചനം അറിയിക്കാന്‍ രണ്ട് ദിവസം എന്തിന്? സൈനികർ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ടാണ്,” രാഹുല്‍ ചോദിച്ചു.
“ചൈന നമ്മുടെ നിരായുധരായ സൈനികരെ കൊല്ലാൻ എങ്ങനെ ധൈര്യപ്പെടുന്നു? നമ്മുടെ സൈനികരെ എന്തിനാണ് രക്തസാക്ഷിത്വത്തിലേക്ക് അയച്ചത്?”- രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ചോദിച്ചു;
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ഒരു കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ കരസേനാംഗങ്ങൾ കൊല്ലപ്പെട്ടു. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടൽ ഈ മേഖലയിലെ അതിർത്തിയിലെ സംഘര്‍ഷം വലിയതോതില്‍ വർദ്ധിപ്പിച്ചു.
1967 ൽ നാഥു ലയിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് തിങ്കളാഴ്ച രാത്രി ഗാൽവാൻ വാലിയിൽ നടന്ന ഏറ്റുമുട്ടൽ. 1967 ലെ ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് 80 സൈനികരെ നഷ്ടപ്പെടുകയും 300 ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
യഥാര്‍ത്ഥ നിയന്ത്രണ രേഖ ഉള്‍ക്കൊളുന്ന 3,488 കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്താണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു, അതേസമയം ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ക്കുന്നു.
Post Your Comments