റായ്ബറേലി: സഹപ്രവര്‍ത്തകര്‍ക്ക് അഴിമതി പാഠങ്ങള്‍ വിശദീകരിച്ച് ക്ലാസെടുത്ത പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലാണ് സംഭവം. എങ്ങനെ അഴിമതി നടത്താം എന്ന് സഹപ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഖീറോ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മണിശങ്കര്‍ തിവാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
3.59 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പില്‍, മണി ശങ്കര്‍ തിവാരി ഒരു എംഎല്‍എയുമായും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയുമായും ഉള്ള ബന്ധം കാരണം കോട്വാലി പോലീസ് സ്റ്റേഷനില്‍ കല്ലി പാസ്ചീമിന്റെ ചുമതലയുള്ള പോലീസ് ഔട്ട്പോസ്റ്റിലിരിക്കെ ധാരാളം പണം സമ്പാദിച്ചുവെന്നും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയുമായി നല്ല ബന്ധമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകനുമായുള്ള എന്റെ ബന്ധം കാരണം ആര്‍ക്കും എന്നെ നീക്കംചെയ്യാന്‍ കഴിഞ്ഞില്ല എന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.
അതേസമയം അഴിമതി ക്ലാസെടുത്ത ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തതായി റായ് ബറേലി പോലീസ് സൂപ്രണ്ട് സ്വപ്നില്‍ മംഗെയ്ന്‍ പറഞ്ഞു. തിവാരിക്കും അഴിമതി ക്ലാസ് കേട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments