ചരിത്രം രചിച്ച് ബയേണ്‍ മ്യൂണിക്ക്. ഇന്ന് നടന്ന മത്സരത്തില്‍ വേര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെ തുടര്‍ച്ചയായ എട്ടാം തവണ ബുണ്ടസ് ലീഗ കിരീടം ബയേണ്‍ ഉയര്‍ത്തി. ക്ലബ്ബ് ചരിത്രത്തിലെ 29മത്തെ ബുണ്ടസ് ലീഗ കിരീടമാണിത്. ജെറോം ബോട്ടാങ്ങിന്റെ അസിസ്റ്റില്‍ പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. 43 ആം മിനുട്ടിലാണ് ബയേണിനെ കിരീടത്തിലേക്കെത്തിച്ച ആ ഏക ഗോള്‍ പിറന്നത്.
32 മത്സരങ്ങളില്‍ നിന്നായി 76 പോയിന്റോടെയാണ് ബയേണ്‍ തങ്ങളുടെ 29 ആം കിരീടത്തില്‍ മുത്തമിട്ടത്. രണ്ടാമതുള്ള ഡോര്‍ട്ടുമുണ്ടിനെ പത്തു പോയിന്റിന് പിന്നിലാക്കി കൊണ്ട്. ആവേശകരമായ മത്സരത്തില്‍ ബയേണിന്റെ യുവതാരം അല്‍ഫോണ്‍സോ ഡേവിസ് തന്റെ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡും കണ്ടു. 79 ആം മിനുട്ടിലായിരുന്നു രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി ഡേവിസ് പുറത്ത് പോയത്. വേര്‍ഡര്‍ ബ്രെമനെ അനായാസം പരാജയപ്പെടുത്തിയ ബയേണ്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുകയും ചെയ്തു.
ബയേണിനെ കിരീടത്തിലേക്കെത്തിച്ച ഗോളോടെ ലെവന്‍ഡോസ്‌കിക്ക് ഈ സീസണിലെ ബയേണിന് വേണ്ടിയുള്ള ഗോളുകളുടെ എണ്ണം 45 ആയതോടെ ആഴ്‌സണലിന്റെ മുന്‍ ഡോര്‍ട്ട്മുണ്ട് താരം ഒബ്മയാങ്ങിന് പിന്നാലെ ഒരു സീസണില്‍ 31 ഗോളുകള്‍ നേടുന്ന ജര്‍മ്മന്‍കാരനല്ലാത്ത താരം കൂടിയായി ലെവന്‍ഡോസ്‌കി.
Post Your Comments