തൃശ്ശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം, വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ തൃശൂര്‍ എസ്പിക്ക് നിര്‍ദേശവും നല്‍കി.
2019 ഡിസംബര്‍ 22നാണ് മുല്ലശ്ശേരി പറമ്പന്‍തള്ളി സ്വദേശിനി നരിയംപുള്ളി സുബ്രഹ്മണ്യന്‍ മകള്‍ ശ്രുതിയും പെരിങ്ങോട്ടുകര സ്വദേശി കുരുവേലി സുകുമാരന്‍ മകന്‍ അരുണുമായുള്ള വിവാഹം നടക്കുന്നത്. 15 ദിവസം കഴിഞ്ഞ് 2020 ജനുവരി 6 ന് രാത്രി 9.30ന് ഭര്‍തൃവീട്ടില്‍ ബാത്ത് റൂമില്‍ കുഴഞ്ഞു വിണ് മരിച്ച നിലയില്‍ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിത ബലം ‘മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്രുതിയുടെ മരണം കൊലപാതകമാണെന്നും പോലീസിന് അനാസ്ഥ പറ്റിയെന്നും ശ്രുതിയുടെ അച്ഛന് ആരോപിച്ചിരുന്നു.
മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനും വെളിപ്പെടുത്തിയതായി ശ്രുതിയുടെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് ഉറപ്പിക്കാവുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തെളിവുകള്‍ ഉണ്ടായിട്ടും ശ്രുതിയുടെ മരണം ഇപ്പോഴും അസ്വാഭാവിക മരണമായി തുടരുന്നത് അനാസ്ഥയാണെന്നും, മരണം നടന്ന് 5 മാസം കഴിഞ്ഞിട്ടും പേരിന് പോലും ഒരു നടപടി ഉണ്ടായിട്ടില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
ഭര്‍ത്താവ് പറഞ്ഞ കഥ വിശ്വസിച്ച് വിരലടയാളം ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കാതെ മൃതദേഹം പെട്ടന്ന് സംസ്‌കരിക്കുവാന്‍ പോലീസ് കൂട്ടുനിന്നുവെന്നും അച്ഛന്‍ ആരോപിച്ചിരുന്നു. അതെസമയം കേസില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഡിഐജി വ്യക്തമാക്കി
Post Your Comments