തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ വിവാദമായിരിയ്ക്കുന്നത് ഷോക്കടിപ്പിയ്ക്കുന്ന വൈദ്യുതി ബില്ലാണ്. പലര്‍ക്കും ലഭിച്ചത് ഭീമമായ തുക കാണിച്ചുള്ള വൈദ്യുത ബില്ലാണ്. ലോക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ബില്‍ കൂടിയതിന്റെ പേരില്‍ കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികളാണ്. ടോള്‍ഫ്രീ നമ്പരിലും സെക്ഷന്‍ ഓഫിസുകളിലും ലഭിക്കുന്ന പരാതികളുടെ എണ്ണം കുത്തനെ കൂടി. അതില്‍ 95,000 പരാതികളിലും കഴമ്പില്ലെന്നും ഉപയോഗം വര്‍ധിച്ചതിനാലാണ് ബില്‍ കൂടിയതെന്നും കെഎസ്ഇബി പറയുന്നു. സ്ലാബ് മാറിയതുമായി ബന്ധപ്പെട്ട് ലഭിച്ച നാലായിരത്തോളം പരാതികള്‍ പരിഹരിക്കുമെന്നും അധികൃതര്‍ പറയുന്നു. റീഡിങ് എടുക്കാന്‍ വൈകിയതും മുന്‍മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കി ബില്‍ തയാറാക്കിയപ്പോള്‍ വന്ന പിഴവുകളുമാണ് പലര്‍ക്കും വന്‍തുകയുടെ ബില്‍ ലഭിക്കാനിടയായത്.
മീറ്റര്‍ റീഡിങ് വൈകിയതോടെ പലരുടേയും സ്ലാബ് മാറി ഉയര്‍ന്ന സ്ലാബിലേക്കെത്തുകയും ഇതിനനുസരിച്ച് ബില്‍ ഉയരുകയും ചെയ്തു. ദ്വൈമാസ റീഡിങിന് പകരം രണ്ടരമാസത്തെ റീഡിങ് എടുത്തതാണ് പ്രശ്നത്തിനിടയാക്കിയത്. 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ടെലിസ്‌കോപ്പിക് ബില്ലിങ്ങാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. 51-100 വരെ യൂണിറ്റിന് 3.70 രൂപ. 201-250 വരെ യൂണിറ്റിന് 7.60 രൂപയാണ്. 250 കഴിഞ്ഞാല്‍ എല്ലാ യൂണിറ്റിനും ഒരേ നിരക്ക് നല്‍കേണ്ടിവരും. 5.80 രൂപയാണ് നിരക്ക്. റീഡിങ് രേഖപ്പെടുത്താന്‍ വൈകിയതോടെ പല ഉപഭോക്താക്കളും 250 യൂണിറ്റിനു മുകളിലെത്തുകയും ഇവരില്‍നിന്നു കെഎസ്ഇബി ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്തു. ഏപ്രിലില്‍ വൈദ്യുതി ഉപയോഗം കൂടിയതും ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി. പലരുടെയും ഉപയോഗം 250 യൂണിറ്റ് കഴിഞ്ഞു. മീറ്റര്‍ റീഡിങ് എടുക്കുന്നതിലെ കാലതാമസം മൂലം ബില്‍ തുക ഉയര്‍ന്നവര്‍ക്ക് പിഴവു തിരുത്തി നല്‍കുമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിന് ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകും.
ലോക്ഡൗണായതിനാല്‍ മാര്‍ച്ച് 24 നു ശേഷം കെഎസ്ഇബി റീഡിങ് എടുത്തില്ല. മേയ് ആദ്യമാണ് റീഡിങ് പുനരാരംഭിച്ചത്. ലോക്ഡൗണിനെത്തുടര്‍ന്ന് റീഡിങ് എടുക്കാന്‍ കഴിയാത്തതിനാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ മുന്‍കാല ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് ബില്‍ നല്‍കിയത്. ഇതിലും പിഴവുകളുണ്ടായെങ്കിലും മിക്കവര്‍ക്കും സാധാരണ ബില്ലുകളാണ് ലഭിച്ചത്. എന്നാല്‍ ജൂണില്‍ ജീവനക്കാര്‍ വീടുകളിലെത്തി റീഡിങ്ങെടുത്തതോടെ ബില്‍ കുത്തനെ കൂടി. ആവറേജ് ബില്ലിന്റെ ബാക്കിയും യഥാര്‍ഥ ബില്ലും ചേര്‍ന്നപ്പോള്‍ പലര്‍ക്കും ബില്ലിലൂടെ ഷോക്കേറ്റു.
Post Your Comments