ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച് ആരാധകരെ അമ്പരപ്പിച്ച നടനായിരുന്നു സുശാന്ത് സിങ് രജ്പുത്ത്. സിനിമാ ലോകത്തെയും ആരാധകരെയും എല്ലാവരെയും സങ്കട കടലിലാഴ്ത്തി കൊണ്ടും ഞെട്ടിച്ചു കൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയെത്തിയത്. അദ്ദേഹത്തിന്റെ മരണത്തില്‍ സിനിമാ ലോകം ഒന്നടങ്കം അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കിരണ്‍ മോറെ. ധോണിയുടെ ജീവ ചരിത്രമായ ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയ്ക്കായി സുശാന്തിനെ ക്രിക്കറ്റ് പരിശീലിപ്പിച്ച മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് കിരണ്‍ മോറെ.
ധോണിയുടെ ശരീരഭാഷ സുശാന്തിന് പകര്‍ന്നുനല്‍കിയതിലും കിരണ്‍ മോറെ ഏറെ പങ്കുവഹിച്ചിരുന്നു. സുശാന്തിന്റെ മരണ വാര്‍ത്ത ഇദ്ദേഹത്തെയും ഒരുപാട് വേദനിപ്പിക്കുന്നു. സിനിമയ്ക്കായി സുശാന്തിനെ വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും പരിശീലിപ്പിക്കണമെന്ന് പറഞ്ഞ് സിനിമയുടെ സംവിധായകന്‍ നീരജ് പാണ്ഡെയും നിര്‍മാതാവ് അരുണ്‍ പാണ്ഡെയും വന്നു. പരിശീലനത്തിന്റെ ഭാഗമായി സുശാന്തിനൊപ്പം ഏറെ മാസങ്ങള്‍ ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ധോണിയെ പോലെ അനുകരിപ്പിക്കുകയെന്നത് പ്രയാസമായിരുന്നെങ്കിലും സുശാന്ത് അതിവേഗം അത് സാധ്യമാക്കിയെന്നും സിനിമയ്ക്കുവേണ്ടി അസാധ്യമായ സമര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റേതെന്നും കിരണ്‍ മോറെ പറയുന്നു
അതേസമയം സുശാന്തിന്റെ ബാറ്റിങ് കണ്ട് സച്ചിന്‍ ഒരിക്കല്‍ അമ്പരന്നു നിന്നു എന്ന് കിരണ്‍ മോറെ പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെ ‘ പരിശീലനം കഴിഞ്ഞ് ചില ആഴ്ചകള്‍ക്കുശേഷം സുശാന്ത് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അതുപോലെ അനുകരിച്ചു തുടങ്ങി. ഈ ദിവസങ്ങളിലൊന്നാണ് സച്ചിന്‍ മുംബൈയിലെ പരിശീലന മൈതാനത്ത് എത്തുന്നത്. ഗ്യാലറിയിലിരുന്ന പരിശീലനം വീക്ഷിച്ചശേഷം സച്ചിന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു. ആരാണ് ഈ പയ്യന്‍. മനോഹരമായ ബാറ്റിങ്ങാണ്. ധോണിയുടെ സിനിമയ്ക്കുവേണ്ടി നടന്‍ സുശാന്താണിതെന്ന് പറഞ്ഞപ്പോള്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നായിരുന്നു അമ്പരപ്പോടെ സച്ചിന്‍ പറഞ്ഞത് ‘. സുശാന്തിന്റെ വിയോഗം ഇപ്പോള്‍ തന്നെ അതിയായി വേദനിപ്പിക്കുന്നു. നടനെ അറിയുന്നവര്‍ക്കൊന്നും അത്രയെളുപ്പം ഈ ഞെട്ടലില്‍ നിന്നും മോചനമുണ്ടാവില്ലെന്നും കിരണ്‍ മോറെ പറയുന്നു.
Post Your Comments