തിരുവനന്തപുരം: ജന്മ നാട്ടിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളം ആവശ്യപ്പെട്ടാൽ കൂടുതൽ വിമാനം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് നിലവിൽ സർവ്വീസില്ല. വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ 43 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്.
ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത യുഎസിൽ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് വിമാനമില്ലാതായതോടെ പ്രതിസന്ധിയിലായത് വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികളാണ്. കേരളത്തിലേക്കാകട്ടെ 20 രാജ്യങ്ങളിൽ നിന്നായി എഴുപത്തിയാറ് സർവ്വീസുകൾ മാത്രമാണുള്ളത്. യുഎസിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി നാൽപ്പത്തിയഞ്ച് സർവ്വീസുകൾ ഉണ്ടെന്നിരിക്കെയാണ് ഈ അവഗണനയെന്നാണ് ആരോപണം.
മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവ്വീസുകളെ ആശ്രയിക്കുമ്പോൾ അവിടുത്തെ ക്വാറന്റീൻ നിബന്ധനകൾ പാലിക്കണം. പിന്നാലെ കേരളത്തിലെത്തിയാൽ വീണ്ടും നിരീക്ഷണത്തിൽ ഇരിക്കണം. ഇതേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളികൾ പലരും സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Post Your Comments