Latest NewsKeralaNews

കോവിഡ് പ്രതിരോധം: സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം • കോവിഡ്-19 പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നതായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്. കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കും എല്ലാവിധ പിന്തുണയും അറിയിച്ചു. ലാബ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സേവനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് അവര്‍ പിന്തുണ അറിയിച്ചത്.

കോവിഡ് പ്രതിരോധത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ ചര്‍ച്ച. ഒരു വശത്ത് കോവിഡ് ചികിത്സയോടൊപ്പം മറുവശത്ത് മറ്റ് രോഗങ്ങളുടെ ചികിത്സയും കൊണ്ടു പോകേണ്ടതുണ്ട്. മഴക്കാലമായതിനാല്‍ നിരവധി പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ആവശ്യമായി വരും. നേരത്തെ തന്നെ സ്വകാര്യ ആശുപത്രികള്‍ സഹകരണം ഉറപ്പ് നല്‍കിയിരുന്നു. ആവശ്യം വരുന്ന ഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കാമെന്നും അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജിവനക്കാര്‍ക്കായി ആദ്യഘട്ടത്തില്‍ 8 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ 5 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പരിശീലനം നല്‍കിയത്. കേരളത്തിന് പുറത്ത് നിന്നും ഇനിയും ധാരാളം പേര്‍ എത്തുമെന്നതിനാല്‍ കൂടുതല്‍ മുന്നൊരുക്കം ആവശ്യമാണ്. ഒറ്റ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിനായി എല്ലാ ആശുപത്രികളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഐ.എം.എ., സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ആശുപത്രികളിലെ മാനേജ്‌മെന്റുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. അജയകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, കസാക്‌സ് പ്രോജക്ട് ഡയറക്ടര്‍ ഡോ. രമേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button