ന്യൂഡൽഹി: മധ്യപ്രദേശിന് സമാനമായ ബി ജെ പി അട്ടിമറി നീക്കം രാജസ്ഥാനിലും സംഭവിക്കുമോയെന്ന ഭയത്തിലാണ് കോൺഗ്രസ്. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറാന്‍ ബി.ജെ.പി നീക്കം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ പാര്‍പ്പിക്കും.
ഈ മാസം 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അട്ടിമറി നീക്കം രാജസ്ഥാനിലും കോണ്‍ഗ്രസ് ഭയപ്പെടുന്നത്. പ്രതിരോധം തീര്‍ക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ് . 200 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്കുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് വിളിച്ച യോഗത്തില്‍ 102 എം.എല്‍.എമാര്‍ പങ്കെടുത്തു. വിട്ടു നിന്ന അഞ്ച് എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യോഗത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലടക്കം രണ്ട് പേരെ നിലവിലെ കക്ഷി നിലയനുസരിച്ച് കോണ്‍ഗ്രസ് വിജയിപ്പിക്കാം. കോണ്‍ഗ്രസ് എം.എല്‍.എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പതിമൂന്ന് സ്വതന്ത്ര എം.എല്‍.എമാരെയും രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ റിസോര്‍ട്ടില്‍ താമസിപ്പിക്കും. 72 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പി വിജയിക്കാന്‍ കഴിയുന്ന ഒരു സീറ്റിന് പുറമെ രണ്ടാമതൊരു സ്ഥാര്‍ഥിയെക്കൂടി രംഗത്തിറക്കിയതോടെയാണ് അട്ടിമറി സൂചന പുറത്തുവന്നത്.
Post Your Comments