കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോളിനൊപ്പം ക്രിക്കറ്റും വേണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎക്ക് ഉടന്‍ കത്ത് നല്‍കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്ക് നീങ്ങാനാണ് കെസിഎയുടെ തീരുമാനം. കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം കൊച്ചി വിടുമെന്നും സ്റ്റേഡിയം തങ്ങള്‍ക്ക് കിട്ടുമെന്നുമായിരുന്നു കെസിഎ കരുതിയിരുന്നത്. എന്നാല്‍ കോഴിക്കോട്ടേക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കയതോടെയാണ് കൊച്ചിയില്‍ ഫുട്‌ബോളിനൊപ്പം ക്രിക്കറ്റും വേണമെന്ന ആവശ്യം കെസിഎ ശക്തമാക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യഗ്രൗണ്ടെന്ന് വിശേഷണമുള്ള കൊച്ചിയില്‍ അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്ലും കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ ജിസിഡിഎയുമായി 30 വര്‍ഷത്തെ കരാറുണ്ട് കെസിഎയ്ക്ക്. ഒരു കോടി രൂപ ഡെപ്പോസിറ്റായി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയം വിട്ടുനല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കെസിഎയുടെ തീരുമാനം. ഇതിനു മുന്നോടിയായി കൊച്ചിയില്‍ ഫുട്‌ബോളിനൊപ്പം ക്രിക്കറ്റും വേണമെന്ന് ആവശ്യപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ ജിസിഡിഎയ്ക്ക് ഈയാഴ്ച തന്നെ കെസിഎ കത്ത് നല്‍കും.
Post Your Comments