Latest NewsArticleSpecials

കോടികള്‍ മുടക്കി ഗ്രൗണ്ട് പുതുക്കി കൊച്ചിയിലേയ്ക്ക് ‘ക്രിക്കറ്റ്’ കൊണ്ട് പോകാന്‍ നില്‍ക്കുന്നവരുടെ ലക്‌ഷ്യം!

വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് കേരളം ഒരുങ്ങുകയാണ്. കേരള പിറവി ദിനത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മാസങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും വേദി സംബന്ധിച്ച്‌ തര്‍ക്കം ശക്തമാകുകയാണ്. തിരുവനന്തപുരത്തെന്ന് ആദ്യം പ്രഖ്യാപിച്ച മത്സരം ഞൊടിയിടയിലാണ് കൊച്ചിയിലേയ്ക്ക് മാറ്റിയത്. തിരുവനന്തപുരത്തിന് അനുവദിച്ച മത്സരം കൊച്ചിയിലേക്ക് മാറ്റിയതിനെ എതിര്‍ത്ത് ഫുട്ബോള്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗതെത്തിക്കഴിഞ്ഞു. മത്സരം നടത്താന്‍ തയ്യാറായി തലസ്ഥാനത്തെ സ്റ്റേഡിയം ഉള്ളപ്പോള്‍ കൊച്ചിയിലേക്ക് മാറ്റാനുള്ള തരുമാനത്തെ അത്ഭുതകരമെന്നാണ് മുന്‍ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തിന്റെ എംപിയുമായ ശശി തരൂര്‍ പ്രതികരിച്ചത്. തിരുവനന്തപുരത്ത് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ എന്തിനാണ് കോടികള്‍ ചിലവഴിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ടര്‍ഫ് കുത്തിപ്പൊളിക്കുന്നത്? ക്രിക്കറ്റ് മത്സരം കൊച്ചിയിലേയ്ക്ക് എത്തിക്കുന്നതിന് പിന്നില്‍ വന്‍ തുക കമ്മീഷനായി അടിച്ചെടുക്കാനുള്ള അത്യാര്‍ത്തി തന്നെയാണെന്ന് ആരോപണം.

കോടികള്‍ ചെലവാക്കി കൊച്ചിയിലെ ഗ്രൗണ്ട് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കഴിഞ്ഞ വര്‍ഷമാണ് മാറ്റി പണി കഴിപ്പിച്ചത്. ഫിഫ അംഗീകാരം ലഭിച്ച രാജ്യത്തെ ആറ് സ്റ്റേഡിയങ്ങളിലൊന്നാണ് കൊച്ചി ഗ്രൌണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവിടെയാണ് ക്രിക്കറ്റ് നടത്താന്‍ തീരുമാനം. കളി നടക്കണമെങ്കില്‍ ഫുട്ബോള്‍ ഗ്രൗണ്ട് ക്രിക്കറ്റിനു അനുയോജ്യമായ രീതിയില്‍ മാറ്റണം. എപ്പോള്‍ വേണമെങ്കിലും ക്രിക്കറ്റ് മത്സരം നടത്താന്‍ തയ്യാറായി തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയമുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു സ്റ്റേഡിയത്തെ മാറ്റുന്നത്? കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിന് അനിയോജ്യമാക്കി മാറ്റിയെടുക്കണമെങ്കില്‍ കോടികളാണ് ചെലവ് വരുക. പിച്ച്‌ നിര്‍മ്മാണവും, വിഐപി ബോക്സ് ഒരുക്കവുമെല്ലാം ആദ്യം മുതല്‍ തുടങ്ങണം. ആദ്യം ഗ്രൗണ്ടിന്റെ ഘടന തന്നെ മുഴുവനായി മാറ്റേണ്ടി വരും. ഇപ്പോഴത്തെ പുല്‍ പ്രതലത്തിന്റെ കട്ടി നേരം പകുതിയായെങ്കിലും കുറയ്ക്കേണ്ടിവരും. ഗ്രൗണ്ടിലെ ഡ്രെയ്നേജ് സിസ്റ്റം മുഴുവനായി മാറ്റി പണികഴിപ്പിക്കേണ്ടി വരും. ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. കൂടാതെ സ്റ്റേഡിയത്തിന്റെ സുരക്ഷയിലും കെട്ടുറപ്പിലും ഐഎസ്‌എല്‍ മത്സരങ്ങള്‍ക്കിടയില്‍ തന്നെ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ അതും പരിഹരിക്കേണ്ടി വരും. ഒരു കളിയ്ക്ക് വേണ്ടി മാറ്റുന്ന ഈ സ്റ്റേഡിയം വീണ്ടും ഫുട്ബോളിനായി മാറ്റുമ്പോഴോ. ഇതിന്റെ ഇരട്ടി ചിലവുകള്‍ വേണ്ടി വരും. അങ്ങനെ കോടികള്‍ ധൂര്‍ത്ത് അടിക്കുന്നത് എന്തിനാണ്?

സ്റ്റേഡിയത്തിലെ മാറ്റത്തിനായി നല്‍കുന്ന കരാറിലാണ് ചിലരുടെ കണ്ണുകള്‍. കരാറിലെ വന്‍ തുക കമ്മീഷന്‍ ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥരാണ്ഇതിനു പിന്നിലെന്നും ആക്ഷേപം. വെറും രണ്ടാഴ്ച കൊണ്ട് നിസ്സാര തുക മുടക്കിയാല്‍ മത്സരത്തിന് തലസ്ഥാനം തയ്യാര്‍. എന്നാല്‍ കൊച്ചിയില്‍ ഇതേ സ്ഥാനത്ത് വേണ്ടത് കുറഞ്ഞത് നാല് മാസവും പിന്നെ കോടികളുമാണ്. പ്രതിഷേധം ശക്തമാകുമ്പോഴും കെസിയെക്ക് ഉള്ളില്‍ തന്നെ ഇത് വരെ മത്സരത്തെക്കുറിച്ച്‌ ധാരണയായിട്ടില്ല. തിരുവനന്തപുരത്തിന്റെ എംപി ശശി തരൂര്‍ അഴിമതി ആരോപണമാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുന്നു.

ക്രിക്കറ്റ് മത്സരത്തിനായി സ്റ്റേഡിയം വിട്ടു കൊടുത്താല്‍ ഐഎസ്‌എല്‍ ഷെഡ്യൂള്‍ സമയത്ത് എന്തുചെയ്യും? കളി കഴിഞ്ഞ ടര്‍ഫ് സമയത്ത് തിരികെ പണി തീര്‍ത്തുകൊടുക്കാമെന്ന് കെസിഎ ഉറപ്പ് നല്‍കിയാലും കാര്യമില്ല. കാരണം എഎഫ്സി ഏഷ്യാകപ്പ് ഫുട്ബോള്‍ മത്സരങ്ങളും ആരംഭിക്കുന്നുണ്ട്. യുഎഇയില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റിന് ഇന്ത്യയും യോഗ്യത നേടിയിട്ടുണ്ട്. ജനുവരി 5 മുതല്‍ ഫെബ്രുവരി 1 വരെ ഈ ടൂര്‍ണമെന്റ് നടക്കുമ്ബോള്‍ ഐഎസ്‌എല്ലിന് ഇടവേള നല്‍കേണ്ടി വരുമെന്നതിനാല്‍ സെപ്റ്റംബര്‍ അവസാനമോ ഒക്റ്റോബര്‍ ആദ്യമോ ഐഎസ്‌എല്‍ ആരംഭിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ക്രിക്കറ്റ് പിച്ച്‌ നിര്‍മ്മിക്കാന്‍ കൊച്ചിയില്‍ വേണ്ട സമയം ലഭിക്കുകയുമില്ല. ഇത്രയും തടസ്സങ്ങള്‍ മുന്നില്‍ ഉണ്ട്. എന്നിട്ടും കൊച്ചിയില്‍ ക്രിക്കറ്റ് കൊണ്ടെത്തിക്കാന്‍ ആവേശപ്പെടുന്നതിനു പിന്നില്‍ അഴിമതി അല്ലാതെ പിന്നെന്താണ്?

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button