
സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ ഐ.പി.എല്‍ നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേര്‍ണിംഗ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ മത്സരം നടത്താനായി ബി.സി.സി.ഐ മാറ്റിവെച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍ വിദേശത്ത് വെച്ച് ടൂര്‍ണമെന്റ് നടത്താന്‍ ഐ.പി.എല്‍ ഗവേര്‍ണിംഗ് ബോഡി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഐ.പി.എല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ശ്രീലങ്കയും യു.എ.ഇയും രംഗത്തുവന്നിരുന്നു. അതേസമയം അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുകയാണെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെയാവും മത്സരങ്ങള്‍ നടക്കുകയെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഐ.സി.സി തീരുമാനം എടുത്താല്‍ മാത്രമേ ഐ.പി.എല്‍ നടത്താന്‍ കഴിയൂയെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. അതേസമയം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് അവസാന തീരുമാനം അടുത്ത മാസം ഉണ്ടാവുമെന്ന് ഐ.സി.സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments