കിളിമാനൂര്‍: ഭര്‍തൃമതിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടമ്മയുടെ ആണ്‍സുഹൃത്തിനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കുമ്മിള്‍ ഈട്ടിമൂട് അശ്വതി ഭവനില്‍ അരുണ്‍ എസ്. നായര്‍ (കണ്ണന്‍, 27) ആണ് പിടിയിലായത്.കിളിമാനൂര്‍ കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശി വീട്ടമ്മയാണ് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയത്. യുവാവും മരിച്ച വീട്ടമ്മയും തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. യുവതിയുടെ പക്കല്‍ നിന്നു കണ്ടെടുത്ത കത്തില്‍ പ്രതിയുടെ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കുകയും ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഒരുവര്‍ഷം മുമ്പ് യുവതിയും പ്രതിയും പ്രദേശവാസികളും ചേര്‍ന്ന് തമിഴ്നാട്ടിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കന്യാകുമാരിയില്‍ വച്ച് യുവതിയെ പ്രതി പീഡിപ്പിച്ചു. യുവതി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതിയും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടന്നിരുന്നു.
ഇതില്‍ മനംനൊന്തും ആഭരണങ്ങളും പണവും നഷ്ടമായതിനെ തുടര്‍ന്നുമുള്ള മനോവിഷമത്താലുമാകാം യുവതി ജീവനൊടുക്കിയതെന്നാണ് സൂചന.യുവതിയുടെ മരണാനന്തര ചടങ്ങുകളിലും പ്രതി സജീവമായിരുന്നു. ഫാമുകളില്‍ നിന്ന് പാല്‍ ശേഖരിച്ച് ആട്ടോറിക്ഷയില്‍ വീടുകളില്‍ വിതരണം ചെയ്തുവരികയായിരുന്നു യുവാവ്.അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കിയ പ്രതി എറണാകുളത്തുള്ള സുഹൃത്തിന്റെ അടുത്തേക്ക് ഒളിവില്‍ പോകുകയായിരുന്നു.
തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍ എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാര്‍ എസ്.ഐ പ്രൈജു സുരേഷ്കുമാര്‍, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാർത്തക്ക് കടപ്പാട്- കൗമുദി
Post Your Comments