KeralaLatest NewsNews

ഒടുവിൽ തന്ത്രിയുടെ ഉറച്ച നിലപാടില്‍ സര്‍ക്കാര്‍ വഴങ്ങി; ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമില്ല

പത്തനംതിട്ട: ഒടുവിൽ ശബരിമല തന്ത്രിയുടെ ഉറച്ച നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ വഴങ്ങി. കോവിഡ് ഭീതി നിലനിൽക്കെ ശബരിമലയിൽ മാസപൂജ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ ഉറച്ച നിലപാട് സർക്കാർ അംഗീകരിച്ചു.

ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്സവം മാറ്റിവയ്ക്കാനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ നിര്‍ണായക ഇടപെടല്‍. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ശബരിമല ധര്‍മശാസ്താ ക്ഷേത്ര സന്നിധാനത്ത് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനര് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ക്ഷേത്രം തുറക്കുന്നതും ഉത്സവചടങ്ങുകള്‍ തീരുമാനിക്കുന്നതും ബോര്‍ഡ് ആണെന്നാണ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങളില്‍ അവസാന വാക്കായ തന്ത്രിയുടെ നിലപാടിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുമ്പ് എന്‍. വാസു നടത്തിയത്.

മിഥുനമാസ പൂജകള്‍ക്കായി 14ന് ആണ് ശബരിമല നട തുറക്കേണ്ടത്. 14 മുതല്‍ 28 വരെ മാസപൂജയും ഉത്സവവുമാണു നടക്കേണ്ടത്. മാര്‍ച്ചില്‍ നടക്കേണ്ടണ്ടിയിരുന്ന ഉത്സവ ചടങ്ങുകളാണ് മാറ്റിവച്ചത്. ഇത് കുറച്ചുകൂടി നീട്ടിവയ്ക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോതും കൂടുതലാണ്. അവിടെ നിന്നുള്ളവര്‍ അടക്കമുള്ള ഭക്തരെ സന്നിധാനത്ത് എത്താന്‍ അനുവദിക്കുന്നത് വൈറസ് ബാധ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും തന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ALSO READ: പറക്കും അണ്ണാൻ വേട്ട; വൻ നായാട്ട് സംഘത്തെ വനം വകുപ്പ് പിടി കൂടി

ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ തന്ത്രിയും മേല്‍ശാന്തിയും അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഇത് ഉത്സവ ചടങ്ങുകളെയും പുറപ്പെടാശാന്തിയുള്‍പ്പെടെയുള്ള ശബരിമലയുടെ ആചാരങ്ങളെയും ബാധിക്കുമെന്നും ആശങ്ക ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ ഹിന്ദുസംഘടനകളും കര്‍ശന നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button