ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം പാംഗോങ് ട്‌സോ മലനിരകളുടെ മേധാവിത്വമാണ്. ഭൂമി ശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയിലുള്ള ഈ പ്രദേശം പിടിച്ചെടുക്കുന്നതോടെ ഇന്ത്യയുടെ സുരക്ഷാ ശേഷിയുടെ ഒരു പടി മുകളില്‍ നില്‍ക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാൽ കനത്ത പ്രതിരോധവുമായി ഇന്ത്യ നിലയുറപ്പിച്ചിരിക്കുകയാണ്. നയതന്ത്ര പരമായി ഇടപെടുകയും ആവശ്യമെങ്കില്‍ സേനയുടെ ഇടപെടലും ശക്തമാക്കാനാണ് നീക്കം.
രാജ്യത്തിന്റെ ആത്മാഭിമാനത്തെ അടിയറ വെച്ചുള്ള ഒരു വിട്ടുവീഴ്ചയും ചൈനയോട് കാട്ടേണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്. പാംഗോങ് ട്‌സോ തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യൻ അതിർത്തിക്ക് പിന്നിലായി ഇപ്പോള്‍ തന്നെ ചൈനീസ് പട്ടാളം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും അവര്‍ പിന്മാറുന്നത് വരെ സേന ഇവിടെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലുളള ഗല്‍വാന്‍, ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ നിന്ന് പിന്മാറിയാണ് ചൈനീസ് സേന ഇവിടെ നിലയുറപ്പിച്ചത്.രണ്ടിടങ്ങളില്‍ നിന്നുള്ള പിന്മാറ്റം തങ്ങളുടെ ഔദാര്യമാണെന്ന് ചിത്രീകരിച്ച് പാംഗോങ് ട്‌സോയില്‍ വിലപേശാനാണ് ചൈനയുടെ തന്ത്രം. എന്നാൽ അതിര്‍ത്തിയില്‍ റോഡ് അടക്കമുള്ള നിര്‍മ്മാണം നിര്‍ത്തണമെന്ന ചൈനയുടെ ആവശ്യവും ഇന്ത്യ തള്ളി. അതിര്‍ത്തിയില്‍ സേനയുടെ വിവിധ വിഭാഗങ്ങള്‍ സുശക്തമായി സജ്ജമാണ്.
Post Your Comments