തിരുവനന്തപുരം • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പോസിറ്റീവായി ചികിത്സയിലിരിക്കെ കടന്നുകളയുകയും പിന്നീട് നാട്ടുകാര്‍ പിടികൂടി തിരികെയെത്തിക്കുകയും ചെയ്ത നെടുമങ്ങാട് ആനാട് സ്വദേശിയായ 33 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്‌സ് പേ വാര്‍ഡില്‍ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരനെ ഉടന്‍ തന്നെ അധികൃതര്‍ താഴെയിറക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ചോ, ആരോഗ്യ നില സംബന്ധിച്ചോ ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയിട്ടില്ല.
ഇന്നലെയാണ് ചികിത്സയിലിരിക്കെ ഇയാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. തുടര്‍ന്ന് ബസ് മാര്‍ഗം ഇയാള്‍ ആനാടെത്തി. കോവിഡ് രോഗികള്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രത്തോടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും, പോലീസെത്തി ആശുപത്രിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
ഇതോടെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ, തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികന് ആദ്യം കോവിഡ് പരിശോധന നടത്താതിരുന്നതും ഏറെ വിവാദമായിരുന്നു.
Post Your Comments