ഇരിട്ടി • ക്വാറന്റൈന് ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും അധികൃതരെ അറിയിക്കാതെ മാറി താമസിച്ചുവെന്നാണ് ആരോപണം. പകര്‍ച്ചവ്യാധി വ്യാപന നിയമപ്രകാരമാണ് ഇരിട്ടി പൊലീസ് കേസെടുത്തത്.
ഭാര്യയും രണ്ട് വയസ്സുള്ള കുട്ടിയും മാതാപിതാക്കള്‍ക്കുമൊപ്പം വിദേശത്ത് നിന്നെത്തിയ 38 കാരനായ പ്രവാസിയ്ക്ക് മെയ് 31 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ നിരീക്ഷിച്ചുവരുന്നതിനിടയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.
കരള്‍ രോഗത്തിനുള്‍പ്പെടെ ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ പിതാവ് തുടര്‍ ചികിത്സക്കായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. സൂപ്രണ്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വിളിച്ച് ചികിത്സക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് ബാധിതന്റെ ഭാര്യയും കുഞ്ഞും വേങ്ങാടുള്ള അവരുടെ വീട്ടിലും പിതാവും മാതാവും കൂത്തുപറമ്പിലെ സ്വന്തം വീട്ടിലുമാണ് എത്തിയത്. പരിയാരത്ത് പരിശോധനക്ക് ചെന്നപ്പോള്‍ കാണേണ്ട ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും അതിനെ തുടര്‍ന്നാണ് കൂത്തുപറമ്പിലെ വീട്ടില്‍ എത്തിയതെന്നുമാണ് പറയുന്നത്.
തങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോള്‍ മകന്റെ ഭാര്യയും കുഞ്ഞും തനിച്ചവാതിരിക്കാനാണ് അവരെ അവരുടെ വീട്ടില്‍ വിട്ടതെന്നാണ് പ്രവാസിയുടെ വീട്ടുകാരുടെ വിശദീകരണം. നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് വീട്ടിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഇല്ലാതെയാണ് കഴിയുന്നത്. അതിനാല്‍ മറ്റ് ആശങ്കകള്‍ വേണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments