KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഏഴായിരം വരെ ഉയരാമെന്ന് ആരോഗ്യ വകുപ്പ് ; ആദ്യ 500 തികയാന്‍ 90 ദിവസം സമയമെടുത്തപ്പോള്‍ അവസാന 500 രോഗികള്‍ തികഞ്ഞതു വെറും അഞ്ചു ദിവസം കൊണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ആദ്യ 500 തികയാന്‍ 90 ദിവസം സമയമെടുത്തപ്പോള്‍ അവസാന 500 രോഗികള്‍ തികഞ്ഞതു വെറും അഞ്ചു ദിവസം കൊണ്ടാണെന്നതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരം വരെയാകാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു.

ജനുവരി 30നാണ് തൃശൂരിലെ വിദ്യാര്‍ഥിനിയിലൂടെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മേയ് ആദ്യവാരത്തിലാണ് കോവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറില്‍ എത്തിയത്. അതായത് മൂന്നു മാസമെടുത്തു. പിന്നീട് മൂന്നാംഘട്ടത്തിന്റെ തുടക്കമെന്ന് കണക്കാക്കുന്ന മേയ് 7 മുതല്‍ 27 വരെയുളള ദിവസങ്ങളില്‍ ആയിരുന്നു പ്രവാസികളെത്തിത്തുടങ്ങിയത്. ഈ 20 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ആയിരത്തിലെത്തി. പിന്നീട് ആയിരത്തിയഞ്ഞൂറില്‍. ഇതില്‍ 728 പേര്‍ വിദേശത്ത് നിന്നും 617 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ആയിരം തികഞ്ഞതിനു ശേഷമുള്ള പത്തു ദിവസം കൊണ്ടാണ് കോവിഡ് രോഗബാധിതര്‍ രണ്ടായിരം കടന്നത്. 33 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 153 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിനിടയില്‍ മരണസംഖ്യ പതിനാറ് ആയി ഉയര്‍ന്നു. അതേസമയം തിരുവനന്തപുരത്തെ ആശുപത്രിയില്‍ മരിച്ച വൈദികനുള്‍പ്പെടെ 30 ലേറെപ്പേരുടെ രോഗ ഉറവിടം വ്യക്തമല്ലാത്തത് നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇന്നലെ ആരോഗ്യപ്രവര്‍ത്തകരില്‍ തുടക്കമിട്ട സമൂഹവ്യാപനതോത് അളക്കാനുളള ആന്റിബോഡി പരിശോധന ഇന്നുമുതല്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. പൊതുസമൂഹവുമായി അടുത്തിടപഴകുന്ന പൊലീസുകാര്‍, റേഷന്‍കടക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ചുമട്ടുതൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍, തുടങ്ങിവരെ പരിശോധിക്കും. ആദ്യ ഘട്ടത്തില്‍ പതിനായിരം പേരെ പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button