മധുര : സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം മറ്റു രോഗികള്‍ക്കു നടുവില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു. തിങ്കളാഴ്ച രാവിലെ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ വച്ചാണ് ഗുണ്ടാസംഘം ഇരച്ചുകയറി രോഗികള്‍ക്കു മുന്നിലിട്ട് യുവാവിനെ വെട്ടികൊന്നത്. നഗരമധ്യത്തില്‍ 24 മണിക്കൂറും പൊലീസ് സുരക്ഷയുള്ള ആശുപത്രിയില്‍ ആണ് ഇത്തരമൊരു കൊലപാതകം. മുരുകന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് മധുര പൊലീസിന്റെ വിശദീകരണം.
ഔട്ട് പോസ്റ്റിലെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രാവിലെ ആറു മണിയോടെയാണ് അഞ്ചംഗ സംഘം അകത്ത് കയറിയത്. ജനറല്‍ വാര്‍ഡിലെത്തിയ സംഘം ഹാള്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം രോഗികളെയെല്ലാം വടിവാള്‍ കാണിച്ചു അകറ്റി നിര്‍ത്തി. പിന്നീട് മുരുകനെ വെട്ടിവീഴ്ത്തിയ ശേഷം മരണം ഉറപ്പാക്കി സംഘം പലവഴിക്കു രക്ഷപെടുകയായിരുന്നു. മിനിറ്റുകള്‍ക്കകം വന്‍ പൊലീസ് സംഘം എത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല.
കൊല്ലപ്പെട്ട മുരുകന്‍ നഗരത്തിലെ തന്നെ രാജശേഖര്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസില്‍ ജയിലിലായിരുന്ന മുരുകന്‍ മാസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേരത്തെ കേസിലെ ഒന്നാം പ്രതിയുടെ വീടും ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. തുടര്‍ന്ന് മൂത്രക്കല്ലിനു ചികില്‍സ തേടി മുരുകന്‍ ആശുപത്രിയില്‍ അഡ്മിറ്റായതറിഞ്ഞ് എതിരാളികള്‍ കൊല ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.
Post Your Comments