മംഗലപുരം: 15 കാരൻ ലഹരിമാഫിയയ്ക്ക് നൽകിയ ക്വട്ടേഷനിൽ 3 പേർക്ക് കുത്തേറ്റു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനതാഴ്ചിറ നിസാം മൻസിലിൽ നിസാമുദ്ദീൻ (19), വെള്ളൂർ സ്വദേശി സജിൻ (19), ആനതാഴ്ചിറ ലക്ഷം വീട് കോളനിയിൽ സനീഷ് (21), നിഷാദ് (19) എന്നിവർക്കാണ് പരിക്കേറ്റത്.
ക്വട്ടേഷൻ നൽകിയ വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ മംഗലപുരം പൊലിസ് അറസ്റ്റ് ചെയ്തു. ഷെഹിൻ, അഷറഫ്, പതിനഞ്ചുകാരൻ എന്നിവരെയാണ് രാത്രിയിൽ മംഗലപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. ലഹരി ഗുണ്ടാ മാഫിയ സംഘത്തെ പിടികൂടാൻ പോയ പൊലീസുകാരെ ക്വട്ടേഷൻ സംഘം ആക്രമിച്ചതിന് പിന്നാലെ മംഗലപുരം സ്റ്റേഷൻ പരിധിയിൽ വ്യാപകമായി ഗുണ്ടാവേട്ട നടത്തിയിരുന്നു. ഇതിനുശേഷം ഗുണ്ടകള്‍ വീണ്ടും സജീവമാവുകയാണെന്നാണ് സംഭവം വ്യക്തമാക്കുന്നത്.
ഗുണ്ടാനിയമ പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷെഹിനും, ഷാനവാസും, അഷറഫും ചേർന്ന് ഉച്ചയ്ക്ക് ഒരു ഓട്ടോ ഡ്രൈവർ സിദ്ദിഖിനെ മർദ്ദിക്കുകയും മൊബൈൽഫോണും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. വൈകുന്നേരമാണ് പള്ളിയിൽ നിന്നും നോമ്പുതുറ കഴിഞ്ഞ് മടങ്ങിയ നാലുപേരെ ആക്രമിച്ചത്. ഇതിൽ കുത്തേറ്റ നിസ്സാമുദ്ദീൻ തീവ്രപരിചരണ വിഭാഗത്തിലാണ്. അക്രമിസംഘത്തിലെ ഷാനവാസ് ഓടിരക്ഷപ്പെട്ടു. ഷെഹിൻ, അഷറഫ്, പതിനഞ്ചുകാരൻ എന്നിവരെ രാത്രിയിൽ മംഗലപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി.
പതിഞ്ചുകാരനെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻ വിവരങ്ങള്‍ പുറത്തായത്. കളിസ്ഥലത്ത് പ്രതിയായ പതിനഞ്ചുകാരനും മറ്റുള്ളവരും തമ്മിൽ കൈയാങ്കളിയും പോർവിളിയും നടന്നു. ഇതേ തുടർന്നാണ് കളിസ്ഥലത്തുണ്ടായിരുന്നവരെ മർദ്ദിക്കാൻ ഗുണ്ടാ – മയക്കുമരുന്ന സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ഗ്രൗണ്ടിൽ വെച്ച് കളിയാക്കിയതിന്‍റെ വിരോധത്തിൽ പതിനഞ്ചുകാരന്റെ കൊട്ടേഷനായിരുന്നു ആക്രമണത്തിന്‍റെ കാരണമെന്നും കളിസ്ഥലത്തുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പരിചയക്കാരായ ഗുണ്ടകൾക്ക് ക്വൊട്ടേഷൻ കൊടുക്കുകയായിരുന്നു എന്നും പതിനഞ്ചുകാരൻ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. പള്ളിയിൽ നിന്നും നോമ്പ് കഴിഞ്ഞ് മടങ്ങിവന്നവരെ മർദ്ദിക്കാൻ പിടിച്ചുവച്ചതും ഈ പതിനഞ്ചുകാരനാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും കവർച്ചക്കും രണ്ട് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments