KeralaLatest NewsNews

കേരളത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിനും ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സംസ്ഥാനത്തിന് പുറത്തേക്ക് റോഡ് മാര്‍ഗം പോകുന്നവര്‍ ഏത് സംസ്ഥാനത്തേക്കാണോ പോകേണ്ടത് അവിടുത്തെ പ്രവേശന പാസ് നേടിയ ശേഷം കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ജില്ലാ കളക്ടറില്‍ നിന്നും എക്‌സിറ്റ് പാസ് വാങ്ങണം. കളക്ടര്‍ അനുവദിക്കുന്ന മൂവ്‌മെന്റ് പാസിന് രണ്ടു ദിവസത്തെ കാലാവധിയാണുണ്ടാവുക. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ കൂട്ടിക്കൊണ്ടു വരുന്നതിനായി പോകുന്നവര്‍ യാത്ര ചെയ്യുന്ന വ്യക്തിയുടെ പാസില്‍ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തി സംസ്ഥാനത്തേക്ക് വരാനുള്ള പാസ് മുന്‍കൂറായി നേടണം. പുറത്തേക്ക് പോകുന്ന വാഹനം സംസ്ഥാനത്തു നിന്ന് പുറത്തു പോകുന്നതിനുള്ള എമര്‍ജന്‍സി പാസും നേടണം.

ട്രെയിന്‍മാര്‍ഗം പോകുന്നവര്‍ ടിക്കറ്റുമായി ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണം. റയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് റയില്‍വേ ടിക്കറ്റിന്റെ പകര്‍പ്പുമതി. റയില്‍വേ സ്റ്റേഷനില്‍ ജില്ലാ ഭരണകൂടം ഒരിക്കിയിട്ടുള്ള ആരോഗ്യ പരിശോധനയ്ക്ക് ശേഷം യാത്ര നടത്താം.

വിമാനമാര്‍ഗം പോകുന്നവര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് എയര്‍പോട്ടിലെത്തി ജില്ലാ കളക്ടര്‍ ഒരുക്കിയിട്ടുള്ള ആരോഗ്യ പരിശോധനയ്ക്കു ശേഷം യാത്ര നടത്താം. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റിന്റെ പകര്‍പ്പ് മതിയാകും.

പുറത്തു നിന്ന് സംസ്ഥാനത്തേക്ക് റോഡ് മാര്‍ഗം വരുന്നവര്‍ കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലിലെ ഡൊമസ്റ്റിക് റിട്ടേണീസ് പാസ് മുഖേന ചെക്‌പോസ്റ്റുവഴി പ്രവേശിക്കാനുള്ള പാസ് നേടണം. ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനത്തു നിന്നുള്ള മൂവ്‌മെന്റ് പാസും വാങ്ങിയ ശേഷം യാത്ര തുടങ്ങാം. ഒരേ വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ഒരാള്‍ ഗ്രൂപ്പ് ലീഡറായി കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഗ്രൂപ്പ് രൂപീകരിച്ച് ഗ്രൂപ്പ് ലീഡര്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എല്ലാ അംഗങ്ങളുടേയും വിലാസം അടങ്ങുന്ന ഹോം ക്വാറന്റൈന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്കാവും പാസുകള്‍ അനുവദിക്കുന്നത്. യാത്രക്ക് അനുമതി കിട്ടിയ തീയതികളില്‍ മാത്രമേ ചെക്ക് പോസ്റ്റില്‍ എത്തിച്ചേരാന്‍ പാടുള്ളു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ചു സീറ്റുള്ള വാഹനത്തില്‍ നാലും ഏഴു സീറ്റുള്ള വാഹനത്തില്‍ അഞ്ചും മറ്റു വാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം പേരും മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. യാത്രയില്‍ ഉടനീളം മുഖാവരണം ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. ഒരേ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പാസ് ലഭിക്കുന്നതെങ്കില്‍ ഏതെങ്കിലും ഒരാളുടെ പാസില്‍ യാത്ര നടത്താം. ഗര്‍ഭിണികള്‍, മരണാനന്തര ചടങ്ങിന് പങ്കെടുക്കേണ്ടവര്‍, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സന്ദര്‍ശിക്കേണ്ടവര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി എമര്‍ജന്‍സി യാത്രാ പാസ് നേടി യാത്ര നടത്താം.

ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ഡൊമസ്റ്റിക്ക് റിട്ടേണീസ് ഓപ്ഷന്‍ വഴി കേരളത്തിലേക്കുള്ള പാസ് നേടണം. ഒരേ ടിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവരില്‍ ഒരാള്‍ ഗ്രൂപ്പ് ലീഡറായി ഗ്രൂപ്പ് രൂപീകരിച്ച് എല്ലാവരുടേയും വിശദാംശങ്ങള്‍ രേഖപ്പെടുത്തി പാസിന് അപേക്ഷ നല്‍കണം.

വിമാന മാര്‍ഗം വരുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി കേരളത്തിലേക്കുള്ള പാസ് നേടണം. മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയോടു കൂടിയുള്ള സ്‌പെഷല്‍ ട്രെയിനില്‍ വരുന്നവര്‍ നോര്‍ക്കയുടെ www.registernorkaroots.org എന്ന പോര്‍ട്ടല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി കേരളത്തിലേക്കുള്ള പാസ് നേടണം.

കപ്പല്‍ മാര്‍ഗം വരുന്നവര്‍ യാത്രാ ടിക്കറ്റുകള്‍ അതതു സര്‍ക്കാരുകള്‍ വഴി നേടിയതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിലെ ഡൊമസ്റ്റിക് റിട്ടേണീസ് പാസ് ഓപ്ഷന്‍ വഴി കേരളത്തിലേക്കുള്ള പാസ് നേടണം. കേരള തുറമുഖങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനും അല്ലാത്തവര്‍ തുടര്‍ പരിശോധയ്ക്കും വിധേയമാകണം.

കപ്പല്‍/ വിമാനം/ ട്രെയിന്‍ മാര്‍ഗം മറ്റ് സംസ്ഥാനത്തിലെത്തി ചേര്‍ന്നതിനു ശേഷം കേരളത്തിലേക്കുള്ള പ്രവേശനത്തിന് മുന്‍കൂറായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി നേടണം. കപ്പല്‍/ വിമാനം/ ട്രെയിന്‍ ടിക്കറ്റ് എന്നിവ പ്രവേശന പാസിനൊപ്പം കാണിച്ചാല്‍ ഏത് ദിവസത്തേക്കുള്ള പാസായാലും അതിര്‍ത്തി വഴി റോഡുമാര്‍ഗം പ്രവേശനം നേടാം. ചെക്ക് പോസ്റ്റ് വരെ എത്തുന്നതിനും മടങ്ങുന്നതിനും യാത്രക്കാരന്റെ കപ്പല്‍/വിമാനം/ ട്രെയിന്‍ ടിക്കറ്റിന്റെ പകര്‍പ്പ് കൈയില്‍ കരുതിയാല്‍ മതിയാകും.

കപ്പല്‍/ വിമാനം/ ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ എത്തിയ ശേഷം അയല്‍ സംസ്ഥാനത്തേക്ക് പോകുന്നവര്‍ക്ക് കപ്പല്‍/ വിമാനം/ ട്രെയിന്‍ യാത്രാ ടിക്കറ്റ് ഉപയോഗിച്ച് യാത്ര നടത്താം.

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ അതേ സംസ്ഥാനത്ത് ക്വാറന്റൈന് വിധേയമാകണം. ഏതെങ്കിലും സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളില്‍ എത്തുന്നവരെ കൂട്ടിക്കൊണ്ടുവരാന്‍ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ സംസ്ഥാനത്തിന്റെ അനുമതിയോടെ യാത്രക്കാരനെ അതത് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സ്ഥിരമായി ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി റെഗുലര്‍ വിസിറ്റ് പാസ് നേടണം. ഒരു പാസിന് ആറു മാസ കാലാവധിയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലെ കണ്ടൈന്‍മെന്റ് ഏരിയയില്‍ നിന്നും വരുന്നവര്‍ക്ക് സ്ഥിര യാത്രകള്‍ അനുവദിക്കില്ല.

സംസ്ഥാനത്തേക്ക് താമസിക്കാനല്ലാതെ ഔദ്യോഗിക / ബിസിനസ് ആവശ്യങ്ങള്‍, വിവിധ മേഖലകളിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി വരുന്നവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവരുടെ ജോലികള്‍ ചെയ്യാം. അവിചാരിത കാരണങ്ങളാല്‍ സന്ദര്‍ശനം നീട്ടേണ്ടി വന്നാല്‍ ഒരു തവണ നീട്ടാന്‍ അവസരമുണ്ടാകും. ഏഴു ദിവസമായി ഇവരുടെ സന്ദര്‍ശന കാലയളവ് ചുരുങ്ങും. ഇവര്‍ക്ക് ക്വാറന്റൈന്‍ ഉണ്ടായിരിക്കില്ല. ഇവര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ തങ്ങളുടെ ആവശ്യം കാണിച്ചു കൊണ്ട് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, ആളുകള്‍, എന്നീ വിവരങ്ങള്‍ നല്‍കി വിസിറ്റ് പാസ് കൈപ്പറ്റണം. വ്യക്തമായ കാരണമില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ ആളുകളെ കാണുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കും. സംസ്ഥാനത്ത് കൂട്ടമായി ജോലിക്കായി അതിഥി തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ എന്‍ഐസിയുടെ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

അന്തര്‍ജില്ലാ യാത്രകള്‍ക്ക് പ്രത്യേകം യാത്രാ പാസ് ആവശ്യമില്ല. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. നേരത്തെ തുടങ്ങിയ യാത്രകള്‍ പൂര്‍ത്തിയാക്കുന്നതിന് ഈ നിബന്ധന ബാധകമല്ല.

റോഡ് / വിമാനം/ ട്രെയിന്‍ / കപ്പല്‍ മാര്‍ഗം സംസ്ഥാനത്തേക്ക് വരുന്നവര്‍ ചെക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആരോഗ്യ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനും അല്ലാത്തവര്‍ തുടര്‍ പരിശോധയ്ക്കും വിധേയമാകണം.

കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസില്ലാതെ വരുന്നവരെല്ലാം 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം. വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടു പോകാന്‍ വന്നയാളിന് ഏതെങ്കിലും രീതിയിലുള്ള ശാരീരിക അടുപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അയാള്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ ക്വാറന്റൈന്‍ സംവിധാനമില്ലാത്തവര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സംവിധാനമോ, പെയ്ഡ് ക്വാറന്റൈന്‍ സംവിധാനമോ ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button