കഴക്കൂട്ടം: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ.എസ്. രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ നല്കിയ പരാതിയിലായിരുന്നു കഴക്കൂട്ടം പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രജുകുമാര്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കിണറ്റില്‍ എറിഞ്ഞ ശേഷം മകളെയും ഭാര്യയെയും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങി ഇവര്‍ കാര്യവട്ടത്തുള്ള അഭയ കേന്ദ്രത്തിലായിരുന്നു അന്ന് തങ്ങിയത്.
തുടര്‍ന്ന് ഇന്നലെ രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഇതോടെ പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ രജുകുമാറിനോട് സി ഐ ഫോണിലൂടെ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം ഇയാള്‍ പൊലീസിനെ തിരികെ വിളിച്ച് താന്‍ വരില്ലെന്നും തൂങ്ങി മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു. പൊലീസ് വാഹനത്തില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments