Latest NewsNewsSaudi ArabiaGulf

വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് വില ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യ നടപടി പ്രവാസികളോടുള്ള ദ്രോഹം: നവയുഗം

ദമ്മാം • വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഒറ്റയടിയ്ക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടിയിൽ നവയുഗം സാംസ്ക്കാരികവേദി ശക്തമായി പ്രതിഷേധിച്ചു. കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന പ്രവാസികളെ കൂടുതൽ ദ്രോഹിയ്ക്കുന്ന നടപടിയാണിതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 950 റിയാലിൽ നിന്നും 1710 റിയാലായാണ് വർദ്ധിപ്പിച്ചത്. ഇത്രയും വലിയൊരു വർദ്ധന യാതൊരു മുന്നറിയിപ്പുമില്ലാതെ അടിച്ചേൽപ്പിച്ചത്, പ്രവാസികളെ കൊള്ളയടിയ്ക്കുന്നതിന് തുല്യമാണ്. മനുഷ്യത്വമില്ലാത്ത നിലപാടാണ് ഇത്. നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായി, ഇപ്പോൾ സർക്കാർ വിൽക്കാനായി ലേലത്തിന് വെച്ചിരിയ്ക്കുന്ന എയർഇന്ത്യ, പ്രവാസികളെ പിഴിഞ്ഞ് തങ്ങളുടെ നഷ്ടം നികത്താമെന്നാണോ കരുതുന്നത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ചോദിച്ചു.

മറ്റു വിദേശരാജ്യങ്ങളൊക്കെ പ്രത്യേകവിമാനങ്ങൾ അയച്ചു തങ്ങളുടെ പൗരന്മാരെ സൗജന്യമായി നാട്ടിലെത്തിച്ചപ്പോൾ, “വന്ദേഭാരത്” എന്ന പേരുമിട്ടു പ്രവാസികളെ പകൽകൊള്ള നടത്തുന്ന നാണംകെട്ട നയമാണ് ഭാരതസർക്കാർ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് കാണുന്നത് ഖേദകരമാണ്.

ഇതിനെതിരെ പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, വ്യോമയാനവകുപ്പ് അധികൃതർക്കും, പരാതി നൽകുമെന്നും, മറ്റു പ്രവാസി സംഘടനകളോട് യോജിച്ചു ശക്തമായ സമരപരിപാടികൾ ആവിഷ്കരിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button