കുവൈത്ത് സിറ്റി : വീടിനുള്ളില്‍ വ്യാജ മദ്യ നിര്‍മാണത്തിലേർപ്പെട്ട നാലംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അദാന്‍ ഏരിയയില്‍ നടത്തിയ റെയ്ഡിലാണ് മദ്യവും നിര്‍മാണ സാമഗ്രികളും പിടികൂടിയത്. രണ്ട് സ്ത്രീകളുള്‍പ്പെടെ പിടിയിലായ നാല് പേരും നേപ്പാള്‍ സ്വദേശികളാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംശയകരമായ സാഹചര്യത്തില്‍ നേപ്പാള്‍ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഇയാളുടെ കൈവശം ഒരു കറുത്ത ബാഗുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര ബദ്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങി.ഇതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചതോടെ സുരക്ഷാ സേന ഇയാളെ പിന്തുടര്ന്നു. ബ്ലോക്ക് 8ലെ ഒരു വീടിനുള്ളിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. വീട്ടിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നിരവധി കാര്‍ട്ടണ്‍ ബോക്സുകളുണ്ടായിരുന്നു. ഉള്ളില്‍ നിന്നുള്ള ദുര്‍ഗന്ധം കൂടിയായതോടെ ഇവർ അകത്ത് കയറി പരിശോധന നടത്തുകയായിരുന്നു.
തുടർന്നാണ് രണ്ട് സ്ത്രീകളടക്കം നാല് നേപ്പാള്‍ പൗരന്മാരെ ഇവിടെ നിന്ന് പൊലീസ് പിടികൂടിയത്. ഏഴ് കുപ്പികള്‍ വീതം നിറച്ച 29 ബാഗുകള്‍ ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിനുപുറമെ നിര്‍മാണത്തിലിരുന്ന 277 ബാരല്‍ മദ്യവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
Post Your Comments