തിരുവനന്തപുരം • കമ്പ്യൂട്ടറോ ടിവിയോ മൊബൈല്‍ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധിക്കാലത്തും ജൂണ്‍ ഒന്നിനു തന്നെ സംസ്ഥാനത്ത് അധ്യയനം ആരംഭിച്ചെന്ന് വീമ്പുപറയാനും വാര്‍ത്ത സൃഷ്ടിക്കാനുമായാണ് യാതൊരു മുന്നൊരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.പിന്നാക്ക മേഖലകളില്‍പ്പെട്ട, യാതൊരു സൗകര്യങ്ങളുമില്ലാത്ത ലക്ഷക്കണക്കിന് കുട്ടികളെ ഒഴിവാക്കിക്കൊണ്ട് ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിച്ച സംസ്ഥാന സര്‍ക്കാരാണ് ദേവികയുടെ മരണത്തിന് ഉത്തരവാദി. അതിനാല്‍ കുടുംബത്തിന് ധനസഹായം നല്‍കാനും വീടുവച്ചു നല്‍കുന്നതുള്‍പ്പടെ കുടുംബത്തെയാകെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണെന്നാണ്. ജൂണ്‍ 12നുമുമ്പ് എല്ലാ കുട്ടികള്‍ക്കും പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്നും പറയുന്നു. അതില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ പാളിച്ച വ്യക്തമാണ്. എന്നാല്‍ പാവപ്പെട്ട കുട്ടിയുടെ ആത്മഹത്യയ്ക്ക് മുമ്പ് പറഞ്ഞതൊന്നും ഇത്തരത്തിലായിരുന്നില്ല. എല്ലാവര്‍ക്കും പഠന സൗകര്യമുണ്ടെന്നു പറഞ്ഞവര്‍ പ്രചരണത്തിനുവേണ്ടി മാത്രം, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ജൂണ്‍ 12ന് മുമ്പ് പഠന സൗകര്യങ്ങളൊരുക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ഇതിനുവേണ്ടി സര്‍ക്കാരിന് പണം അനുവദിക്കാനാകില്ലെന്ന തീരുമാനം തിരുത്തണം. ഇതിന്റെ പേരിലും പിരിവു നടത്താനും സിപിഎമ്മുകാര്‍ക്ക് കൊയ്ത്തുകാലം സൃഷ്ടിക്കാനുമാണ് നീക്കം. വിദ്യഭ്യാസത്തിനായി ഓരോ വര്‍ഷവും ബജറ്റ് വിഹിതമായും അല്ലാതെയും കോടിക്കണക്കിനു രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. മന്ത്രിമാര്‍ക്ക് തോര്‍ത്ത് വാങ്ങാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആദിവാസി, പട്ടികജാതി, പിന്നാക്ക വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിനായി ചില്ലിക്കാശ് ചെലവാക്കാന്‍ തയ്യാറല്ല. സ്‌പോണ്‍സര്‍മാരുടെ സൗകര്യത്തിന് കാത്തുനില്‍ക്കാതെ ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവനും ഭാവിയും പന്താടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് സുധീര്‍ പറഞ്ഞു.
Post Your Comments