മലപ്പുറം : മലപ്പുറം ജില്ലക്കെതിരെ വ്യാജ വാർത്തയും വംശീയതയും പ്രചരിപ്പിക്കുകയും ചെയ്ത മനേക സജ്ഞയ് ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി പരാതി നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബാണ് മനേക ഗാന്ധിക്കെതിരെ ജില്ല പോലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.
“മലപ്പുറം അതിൻ്റെ തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്.ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അത് കൊണ്ടാണ് അവർ ഇത് ചെയ്ത് കൊണ്ടേയിരിക്കുന്നത്.” പാർലമെൻ്റംഗമായ മനേക സജ്ഞയ് ഗാന്ധി 2020 ജൂണ് മൂന്നിന് ട്വീറ്ററിലെഴുതിയ വരികളാണ് മുകളിൽ സൂചിപ്പിച്ചത്. ഈ ട്വീറ്റിന് പുറമെ ANI എന്ന വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും മനേക ഗാന്ധി മലപ്പുറം ജില്ലക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിച്ച് സാമുദായിക സംഘർഷത്തിന് ശ്രമിക്കുന്നുണ്ട്. പ്രസ്തുത അഭിമുഖത്തിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങളും മലപ്പുറം സാമുദായിക സംഘർഷത്തിൻ്റെ കേന്ദ്രമാണെന്നും പ്രകടമായി തന്നെ മനേക സജ്ഞയ് ഗാന്ധി പറയുന്നുണ്ട്. മലപ്പുറത്ത് ക്രിമിനൽ സ്വഭാവവും സാമുദായിക സംഘർഷവും ക്രിമിനൽ റേറ്റിങ്ങും കൂടുതലാണെന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മനേക ഗാന്ധി മൃഗങ്ങൾക്കെതിരെ ആക്രമണങ്ങൾ മലപ്പുറത്ത് കൂടുതലാണെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
മതസ്പർധയും വിദ്വേഷവും നിറഞ്ഞ മനേക ഗാന്ധിയുടെ പ്രസ്താവനക്ക് ശേഷം മലപ്പുറം ജില്ലക്കും ജില്ലയിലെ ചില പ്രത്യേക മതവിഭാഗങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വെറുപ്പുൽപാദനവും നടക്കുന്നുണ്ട്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കൊണ്ടും മതസ്പർദ്ധ വളർത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ വെറുപ്പുൽപാദന കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്ത മനേക സജ്ഞയ് ഗാന്ധിയുടെ പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമായിക്കണ്ട് മനേക സജ്ഞയ് ഗാന്ധിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments