ന്യൂഡൽഹി: കഴുതപ്പാലിൽ നിന്നും നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുന്ദരികൾ ആയിരിക്കുമെന്ന ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കഴുതപ്പാലിൽ ഉണ്ടാക്കുന്ന സോപ്പ് സ്ത്രീകളെ മാത്രമേ സുന്ദരികളാക്കുകയുള്ളോ എന്നാണ് ബിന്ദു അമ്മിണി ചോദിക്കുന്നത്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പരിഹാസം.
അതേസമയം, ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഒരു ‘ചൗപാലിനെ’ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മേനക ഗാന്ധിയുടെ കണ്ടെത്തൽ. ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതയുടെ പാലിലായിരുന്നു കുളിക്കാറുണ്ടായിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘കഴുതയുടെ പാൽ സോപ്പ് എല്ലായ്പ്പോഴും ഒരു സ്ത്രീയുടെ ശരീരത്തെ മനോഹരമാക്കുന്നു. പ്രശസ്ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. ഡൽഹിയിൽ കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. ആട്ടിൻ പാലും കഴുതപ്പാലും കൊണ്ടുള്ള സോപ്പുണ്ടാക്കാൻ തുടങ്ങാത്തത് എന്ത്?’, അവർ ചോദിച്ചു. ലഡാക്കിലെ ഒരു സമൂഹം സോപ്പ് ഉണ്ടാക്കാൻ കഴുതയുടെ പാൽ ഉപയോഗിക്കുന്നുണ്ടെന്നും അവർ പരാമർശിച്ചു.
‘നിങ്ങൾ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി, അവരുടെ എണ്ണം കുറയുന്നു. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. ലഡാക്കിൽ കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹമുണ്ട്. അതിനാൽ അവർ കഴുതകളെ കറക്കാൻ തുടങ്ങി, പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി, കഴുതപ്പാൽ ഉപയോഗിച്ച് നിർമ്മിച്ച സോപ്പുകൾ സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമായി നിലനിർത്തും’, അവർ പറഞ്ഞു.
Post Your Comments